ഉദ്യോഗസ്ഥ തലത്തിലുണ്ടായ ഗുരുതരമായ പിഴവ് മൂലമാണ് സംസ്ഥാനത്ത് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടക്കാതിരുന്നതിന് കാരണമെന്ന് സംശയിക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. അതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികൂല കാലാവസ്ഥയിൽ പല ബൂത്തുകളിലും വോട്ടര്‍മാര്‍ മണിക്കൂറുകള്‍ കാത്തുനിന്ന ശേഷം മടങ്ങുകയാണുണ്ടായത്. തിരികെ വന്നവരില്‍ പലര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം ലഭിച്ചില്ല. ആറുമണിക്ക് മുന്‍പ് പോളിംഗ് സ്റ്റേഷനില്‍ എത്തിയിട്ടും വോട്ട് ചെയ്യാനാകാത്ത ദുർഗതി പലർക്കുമുണ്ടായി.
മിക്കയിടത്തും മന്ദഗതിയിലാണ് വോട്ടിംഗ് നടന്നത്. നാലര മണിക്കൂര്‍ വരെ ചില വോട്ടര്‍മാര്‍ക്ക് കാത്തുനില്‍ക്കേണ്ടി വന്നതായി റിപ്പോര്‍ട്ടുണ്ട്. ഉദ്യോഗസ്ഥതലത്തില്‍ ഗുരുതരമായ അനാസ്ഥയുണ്ടായെന്ന് സംശയിക്കാവുന്ന തരത്തിലാണ് വോട്ടിംഗ് നടന്നത്. പോളിംഗ് ശതമാനം കുറയാന്‍ കാരണമായതും ഉദ്യോഗസ്ഥതലത്തിലെ മൊല്ലെപ്പോക്കാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് തകരാര്‍ കണ്ടെത്തിയ ബൂത്തുകളില്‍ പോളിംഗ് സമയം ദീര്‍ഘിപ്പിച്ച് നല്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല. സമീപ കാലത്തെങ്ങും ഇത്രയും മോശപ്പെട്ട രീതിയില്‍ തിരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.