ബംഗളൂരു: മതത്തിന്റെ പേരില്‍ വോട്ട് ചോദിച്ച ബിജെപി സ്ഥാനാര്‍ത്ഥി തേജസ്വി സൂര്യക്കെതിരെ കേസെടുത്തു. മതത്തിന്റെ അടിസ്ഥാനത്തില്‍ വോട്ട് അഭ്യര്‍ത്ഥിക്കുകയും എക്സ് പ്ലാറ്റ്ഫോമില്‍ വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്ത തേജസ്വി സൂര്യയ്ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് കേസെടുത്തതായി കര്‍ണാടക ചീഫ് ഇലക്ടറല്‍ ഓഫീസര്‍ വെള്ളിയാഴ്ച പറഞ്ഞു.
ബി.ജെ.പി യുവജന വിഭാഗമായ ഭാരതീയ ജനതാ യുവമോർച്ചയുടെ (ബി.ജെ.വൈ.എം) ദേശീയ അധ്യക്ഷൻ കൂടിയാണ് തേജസ്വി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് ബംഗളൂരു ജയനഗർ പൊലീസ് സ്റ്റേഷനിൽ തേജസ്വിക്കെതിരെ പരാതി ലഭിച്ചിരുന്നു.
ബിജെപിയെ പിന്തുണയ്ക്കുന്ന 80 ശതമാനം ആളുകളുണ്ടെങ്കിലും 20 ശതമാനം മാത്രമാണ് വോട്ട് ചെയ്യുന്നതെന്നും, കോണ്‍ഗ്രസിന് 20 ശതമാനം വോട്ടര്‍മാരെ ഉള്ളൂവെങ്കിലും 80 ശതമാനം ആളുകളും വോട്ട് ചെയ്യുന്നുണ്ടെന്നും തേജസ്വി സൂര്യ വ്യാഴാഴ്ച പറഞ്ഞു.
കർണാടകയിൽ ബംഗളൂരു സൗത്ത് ഉൾപ്പെടെ 14 സീറ്റുകളിൽ വെള്ളിയാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്. ബാക്കിയുള്ള 14 സീറ്റുകളിൽ മേയ് ഏഴിനാണ് വോട്ടെടുപ്പ്. ഇത്തവണയും ബംഗളൂരു സൗത്ത് സീറ്റില്‍ നിന്നാണ് തേജസ്വി സൂര്യ വീണ്ടും ജനവിധി തേടുന്നത്.