ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപഭോക്താക്കളുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ആണ് വാട്സാപ്പ്. ലോകത്ത് ഏറ്റവുമധികം വാട്സ്‌ആപ്പ് ഉപയോക്താക്കളുള്ള രാജ്യമാണ് ഇന്ത്യ. വാട്ട്സ്ആപ്പ് ഉപയോഗിക്കാത്ത ഒരു ദിവസത്തെ കുറിച്ച് ഒരു പക്ഷെ ഇന്ന് നമുക്ക് ചിന്തിക്കാൻ പോലും കഴിയില്ല. എന്നാൽ ഇന്ത്യ വിട്ടേക്കാമെന്ന സൂചന നൽകുകയാണ് വാട്ട്സ്ആപ്പ്. ആളുകളുടെ സ്വകാര്യത ലംഘിക്കുന്ന വിധത്തിലുള്ള നിയമങ്ങള്‍ പാലിക്കണമെന്ന് നിർബന്ധിച്ചാല്‍ ഇന്ത്യയിലെ തങ്ങളുടെ പ്രവർത്തനം അവസാനിപ്പിക്കേണ്ടിവരുമെന്ന് വാട്സ്‌ആപ്പ് ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. ഇൻഫർമേഷൻ ടെക്‌നോളജി (ഇൻ്റർമീഡിയറി മാർഗ്ഗനിർദ്ദേശങ്ങളും ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡും) റൂള്‍സ് 2021നെതിരേ നല്‍കിയ ഹർജിയില്‍ വാദം നടക്കുന്നതിനിടെയാണ് വാട്സ്‌ആപ്പ് നിലപാട് വ്യക്തമാക്കിയത്.
ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഉറപ്പാക്കിയാണ് വാട്സ്‌ആപ്പ് പ്രവർത്തിക്കുന്നത്. അതായത് അയയ്ക്കുന്ന ആളും സ്വീകരിക്കുന്ന ആളും മാത്രമാണ് വാട്സ്‌ആപ്പ് സന്ദേശങ്ങള്‍ കാണുക. മൂന്നാമതൊരാള്‍ക്കോ ഏജൻസിക്കോ അത് കാണാനാകില്ല. കേന്ദ്രത്തിന്റെ പുതിയ നിയമം പാലിക്കണമെങ്കില്‍ ഈ സ്വകാര്യത ലംഘിക്കേണ്ടിവരും. അതിന് തയാറല്ല എന്നാണ് വാട്സ്‌ആപ്പിന്റെ നിലപാട്. ക്വിറ്റ് ഇന്ത്യ സമരത്തിന്റെ ‘പ്രവർത്തിക്കുക അല്ലെങ്കില്‍ മരിക്കുക’ എന്ന മുദ്രാവാക്യം ഇപ്പോള്‍ മറ്റൊരു വിധത്തില്‍ വാട്സ്‌ആപ്പ് തിരിച്ച് ഉയർത്തിയിരിക്കുന്നു എന്ന് പറയുന്നതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല. കേന്ദ്രം പറയുന്നത് ആളുകളുടെ സ്വകാര്യത ലംഘിക്കുന്ന കാര്യമാണ്. എന്നാല്‍, പ്രവർത്തിക്കുന്നെങ്കില്‍ മാന്യമായി പ്രവർത്തിക്കുക, അല്ലെങ്കില്‍ എല്ലാം അവസാനിപ്പിക്കുക എന്ന നിലപാടാണ് വാട്സ്‌ആപ്പ് മുന്നോട്ട് വച്ചിരിക്കുന്നത്.
വാട്സ്‌ആപ്പ് നല്‍കുന്ന ഈ ഉറച്ച സ്വകാര്യത കണക്കിലെടുത്താണ് ആളുകള്‍ അത് ഉപയോഗിക്കുന്നത് എന്നും കമ്ബനി കോടതിയില്‍ വ്യക്തമാക്കി. പുതുക്കിയ ഐടി നിയമങ്ങള്‍ പ്രകാരം, മെസേജ് അയച്ചയാളെ തിരിച്ചറിയാൻ കമ്ബനികള്‍ ചാറ്റുകള്‍ പരിശോധിക്കേണ്ടതുണ്ട്. എന്നാലിത് ഉള്ളടക്കത്തിൻ്റെ എൻക്രിപ്ഷനെയും ഉപയോക്താക്കളുടെ സ്വകാര്യതയെയും ദുർബലപ്പെടുത്തുന്നുവെന്ന് വാട്സ്‌ആപ്പ് പറയുന്നു. പുതിയ ഐടി നിയമ ഭേദഗതി ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിള്‍ 14, 19, 21 എന്നിവ ഉറപ്പുനല്‍കുന്ന പൗരന്റെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നു എന്നും വാട്സ്‌ആപ്പിന് വേണ്ടി ഹാജരായ അഭിഭാഷകൻ വ്യക്തമാക്കി. നിയമത്തില്‍ പറയും പോലെ ഒരു മെസേജ് അയച്ച ആളെ കണ്ടെത്തണമെങ്കില്‍ ഒരു സമ്ബൂർണ്ണ ശൃംഖല സൂക്ഷിക്കേണ്ടിവരും, ഏതൊക്കെ സന്ദേശങ്ങളാണ് ഡീക്രിപ്റ്റ് ചെയ്യാൻ ആവശ്യപ്പെടുന്നതെന്ന് ഞങ്ങള്‍ക്ക് അറിയില്ല. അതിനാല്‍ ദശലക്ഷക്കണക്കിന് സന്ദേശങ്ങള്‍ വർഷങ്ങളോളം സൂക്ഷിക്കേണ്ടിവരും. ഇന്ത്യയില്‍ 400 ദശലക്ഷത്തിലധികം വാട്സ്‌ആപ്പ് ഉപയോക്താക്കളുണ്ടെന്നും അവരില്‍ ബഹുഭൂരിപക്ഷവും സ്വകാര്യത കണക്കിലെടുത്താണ് വാട്സ്‌ആപ്പ് ഉപയോഗിക്കുന്നത് എന്നും വാട്സ്‌ആപ്പ് വാദിച്ചു.
എന്നാല്‍, ബിസിനസ്/വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോക്താക്കളുടെ വിവരങ്ങളില്‍ നിന്ന് ധനസമ്ബാദനം നടത്തുന്ന വാട്സ്‌ആപ്പിനും ഫെയ്സ്ബുക്കിനും സ്വകാര്യത സംരക്ഷിക്കുന്നുവെന്ന് അവകാശപ്പെടാൻ നിയമപരമായി അർഹതയില്ല എന്നാണ് കേന്ദ്ര നിലപാട്. ഇത് കേന്ദ്രം നേരത്തെ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചിരുന്നു. സന്ദേശങ്ങളുടെ സൃഷ്ടാവിനെ കണ്ടെത്തുക എന്നതാണ് മാർഗനിർദേശങ്ങള്‍ക്ക് പിന്നിലെ ആശയമെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ കീർത്തിമാൻ സിംഗ് വാദിച്ചു. സന്ദേശം അയച്ച ഉറവിടം കണ്ടെത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ് എന്നും കേന്ദ്രത്തിന്റെ അഭിഭാഷകൻ വാദിച്ചു. ഇരുവാദങ്ങളും കേട്ട ഡല്‍ഹി ഹൈക്കോടതി വിശദമായ വാദം കേള്‍ക്കുന്നതിനായി കേസ് ആഗസ്റ്റ് 14-ലേക്ക് മാറ്റിവച്ചു. അതേസമയം വാട്സ്‌ആപ്പ് ഇന്ത്യയില്‍ പ്രവർത്തനം അവസാനിപ്പിച്ചാല്‍ ഇന്ത്യയിലെ സ്മാർട്ട്ഫോണ്‍ ഉപയോക്താക്കള്‍ക്കും വാട്സ്‌ആപ്പിനും അത് ഒരേപോലെ നഷ്ടമാണ്.