ടോറോന്റോ: ഭൗമദിനാചരണത്തോട് അനുബന്ധിച്ചു സിറ്റി ഓഫ് ടോറോന്റോ സംഘടിപ്പിക്കുന്ന സാമൂഹ്യ ശുചീകരണ യത്നത്തിൽ സീറോമലബാർ സമൂഹത്തിന്റെ സജീവ പങ്കാളിത്തം ശ്രദ്ധേയമായി. സ്കാർബറോയിലെ അയോൺ വ്യൂ പാർക്കും ചുറ്റുമുള്ള പൊതുവഴികളും അയോൺ വ്യൂ സ്കൂളും സീറോമലബാർ ദേവാലയ പരിസരങ്ങളും ഉൾപ്പടെ 14 കേന്ദ്രങ്ങളിൽ നൂറ്റിഅന്പതിൽ പരം വിദ്യാർഥികളും മാതാപിതാക്കളും വിശ്വാസ പരിശീലന വിഭാഗം വോളന്റീയർമാരും 14 ചെറുസമൂഹങ്ങളായി തിരിഞ്ഞാണ് ശുചീകരണ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തിയത്.
ഞായറാഴ്ച രാവിലെ അയോൺ വ്യൂ പാർക്കിനും ദേവാലയത്തിനും സമീപത്തു വികാരിയുടെ ചുമതലവഹിക്കുന്ന അസോ. പാസ്റ്റർ ഫാ.ജിജിമോൻ മാളിയേക്കലും ട്രസ്റ്റിമാരായ വീണാ ലൂയിസ്, തോമസ് ആലുംമൂട്ടിൽ എന്നിവരും ചേർന്ന് യത്നം ഉദ്ഘാടനം ചെയ്തു. അധ്യാപക-രക്ഷാകർതൃ സമിതി പ്രസിഡന്റും നിയുക്ത ട്രസ്റ്റിയുമായ സിനോ നടുവിലേക്കൂറ്റ്, നിയുക്ത ട്രസ്റ്റി സജി തോമസ്, വിശ്വാസ പരിശീലനപരിപാടിയിലെ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പ്രതിനിധികളായ രാജീവ് ജോസ്, ജെയ്സൺ ജോർജ്, അൽഫോൻസാ വർഗീസ്,
ജോഷി പഴുക്കാത്ര, റാണി ജോർജ്, ശ്രദ്ധാ ടോണി, ജെയ്സൺ ജോസഫ്, ജോഷി ചിന്നത്തോപ്പിൽ, മാത്യു മണത്തറ, വർഗീസ് പാറേക്കാട്ടിൽ എന്നിവരുടെ നേതൃത്വത്തിൽ നിരവധി ഇടവകാംഗങ്ങൾ ശുദ്ധീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. പങ്കെടുത്ത മുഴുവൻ വിദ്യാർഥികൾക്കും ലഘുഭക്ഷണവും ഒരുക്കി. തുടർച്ചയായി മൂന്നാം വർഷമാണ് സീറോമലബാർ സമൂഹം സിറ്റി ഓഫ് ടോറോന്റോയുടെ “ക്ലീൻ ടൊറോന്റോ’ പദ്ധതിയിൽ പങ്കാളികളാകുന്നത്.