താമരശേരി കട്ടിപ്പാറ കരിഞ്ചോലയിൽ നിന്നും കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ മുതൽ കാണാതായ വിദ്യാർഥിനിയുടെയും കൂടെ കാണാതായ എകരൂൽ സ്വദേശിയായ യുവാവിന്റെയും മൃതദേഹങ്ങൾ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ദിവസങ്ങൾ പഴക്കമുള്ള ഇവ ജീർണ്ണിച്ച അവസ്ഥയിലാണ്. ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് വൈകുന്നേരം ഇവരുടെ മൃതദേഹം കണ്ടെത്തിയത്.
താമരശേരി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനി കരിഞ്ചോല പെരിങ്ങോട് ബിജുവിന്റെ മകൾ ദേവനന്ദയേയും എകരൂൽ സ്വദേശിയായ വിഷ്ണുവിനെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബാലുശ്ശേരി കണ്ണാടിപ്പൊയിൽ കാപ്പിക്കുന്നിലെ ആൾ താമസമില്ലാത്ത വീട്ടിലായിരുന്നു മൃതദേഹങ്ങൾ.
മകളുടെ തിരോദ്ധാനത്തെ തുടർന്ന് പോലീസിൽ പരാതി നൽകിയിട്ടും കണ്ടെത്താൻ കഴിയാതെ വന്നതോടെ കുട്ടിയുടെ പിതാവ് പോലീസിനെതിരെ രംഗത്തെത്തിയിരുന്നു.