സൗദി അറേബ്യ സമ്പൂർണ്ണ ഇന്റർനെറ്റ്‌വത്കരണത്തിലേക്ക് ; ഉപഭോഗം 99 ശതമാനമായി

ദമ്മാം: സൗദി അറേബ്യ സമ്പൂർണ്ണ ഇന്റർനെറ്റ്‌വത്കരണത്തിലേക്ക്. രാജ്യത്ത് ഇന്റർനെറ്റ് ഉപയോഗത്തിന്റെ തോത് 99 ശതമാനമായി ഉയർന്നതായി കമ്മ്യൂണിക്കേഷൻ മന്ത്രാലയം വ്യക്തമാക്കി. ഇന്റർനെറ്റിന്റെ വ്യാപനം വർധിച്ചതോടെ രാജ്യത്തെ ഓൺലൈൻ ഷോപ്പിംഗ് മേഖലയും വൻ വളർച്ച നേടിയതായും കമ്മ്യൂണിക്കേഷൻസ് സ്പേസ് ആന്റ് ടെക്നോളജി കമ്മീഷൻ പുറത്ത് വിട്ട റിപ്പോർട്ടിലുണ്ട്. കഴിഞ്ഞ വർഷം ഓൺലൈൻ ഷോപ്പിംഗ് 63 ശതമാനത്തിലേക്ക് ഉയർന്നു.

2023ലെ കണക്കുകളാണ് കമ്മ്യൂണിക്കേഷൻസ് സ്പേസ് ആന്റ് ടെക്നോളജി കമ്മീഷൻ പ്രസിദ്ധീകരിച്ചത്. ഇന്റർനെറ്റ് ഉപയോക്താക്കളുടെ പാറ്റേൺ, പെരുമാറ്റം, മുൻഗണനകൾ എന്നിവയെ വിശകലനം ചെയ്താണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ജനങ്ങളിൽ പകുതിയിലധികം പേരും ശരാശരി ദിവസവും ഏഴ് മണിക്കൂറിലേറെ ഇന്റർനെറ്റ് ഉപയോഗിക്കുന്നതായും റിപ്പോർട്ട് വിശദീകരിക്കുന്നു. രാത്രി ഒൻപതിനും 11നും ഇടയിലുള്ള സമയമാണ് ഏറ്റവും തിരക്കേറിയത്.

വാരാന്ത്യ ദിനമായ വെള്ളിയാഴ്ച ഏറ്റവും തിരക്ക് അനുഭവപ്പെടുന്ന ദിവസമായും റിപ്പോർട്ട് കണ്ടെത്തി. പ്രതിശീർഷ മൊബൈൽ ഇന്റർനെറ്റ് ഉപഭോഗ നിരക്ക് മാസം 44 ജീബിയിലെത്തി. ഇത് ആഗോള ഉപഭോകത്തേക്കാൾ മൂന്നിരട്ടി അധികമാണ്. ഓൺലൈൻ വഴിയുള്ള പർച്ചേസുകളുടെ നിരക്കിലും വലിയ വർധനവാണ് ഇക്കാലയളവിൽ രേഖപ്പെടുത്തിയത്. 2023ൽ ഓൺലൈൻ ഷോപ്പിംഗ് 63.7ശതമാനമായി ഉയർന്നിട്ടുണ്ട്.

Latest News