കോഴിക്കോട്: വടകര മണ്ഡലത്തിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച മൂന്നുപേർ പിടിയിൽ. നാദാപുരത്ത് കള്ളവോട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് ചക്കിയത്തിന്റവിട ഹാഷി പിടിയിലായത്. പ്രവാസിയുടെ വോട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.
കൂത്തുപറമ്പ് മണ്ഡലത്തിലെ ചോതാവൂരിലെ ബൂത്തിൽനിന്നാണ് മറ്റൊരാൾ പിടിയിലായത്. വിജേഷ് എന്നയാളെയാണ് കൂത്തുപറമ്പ് പൊലീസ് പിടികൂടിയത്. സബ് കലക്ടറുടെ മിന്നൽ പരിശോധനയിൽ ഐ.ഡി കാർഡ് പരിശോധിച്ചപ്പോഴാണ് ഇയാൾ പിടിയിലായത്.
വെള്ളിയോട് എൽ.പി സ്കൂളിൽ കള്ളവോട്ടിന് ശ്രമിക്കുന്നതിനിടെയാണ് വളയം സ്വദേശി ഷഹൽ ചാത്തോത്ത് പിടിയിലായത്. വിദേശത്തുള്ള സഹോദരന്റെ വോട്ട് ചെയ്യാനായിരുന്നു ഇയാൾ ശ്രമിച്ചത്. വളയം പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.
നാദാപുരം തൂണേരിയില്‍ കള്ളവോട്ട് ചെയ്യാനെത്തിയ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബൂത്തിനകത്ത് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ച യുവാവിനെ നാദാപുരം പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
നാദാപുരം നിയോജക മണ്ഡലത്തിലെ ഇരുപത്തിയഞ്ചാം ബൂത്ത് പ്രവര്‍ത്തിക്കുന്ന തൂണേരി കണ്ണംങ്കൈ ഗവണ്മെന്റ് മാപ്പിള എല്‍.പി. സ്കൂളിലാണ് കള്ളവോട്ടിനുള്ള ശ്രമം നടന്നത്.
വിദേശത്ത് ജോലി ചെയ്യുന്ന തയ്യുള്ളതില്‍ അസിനാസ് എന്ന ആളുടെ വോട്ടാണ് യുവാവ് ആള്‍മാറാട്ടത്തിലൂടെ ചെയ്യാന്‍ ശ്രമിച്ചത്.