ന്യൂഡൽഹി: വോട്ടിംഗ് യന്ത്രത്തെ ഊഹാപോഹം വെച്ച് സംശയിക്കാനാവില്ലെന്ന് സുപ്രീംകോടതി. വോട്ടുയന്ത്രത്തിന്‍റെ ഉപയോഗം സ്വതന്ത്രവും നീതിപൂർവകവുമായ തെരഞ്ഞെടുപ്പിനെ ദോഷകരമായി ബാധിക്കുന്നുവെന്ന് തെളിയിക്കാൻ പരാതിക്കാർക്ക് കഴിഞ്ഞിട്ടില്ല. പോൾ ചെയ്ത വോട്ടു മുഴുവൻ വിവിപാറ്റ് സ്ലിപ്പുമായി ഒത്തുനോക്കുക എന്നത് മൗലികാവകാശമാണെന്ന് സ്ഥാപിക്കാനും സാധിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
തന്‍റെ വോട്ട്, യന്ത്രത്തിൽ രേഖപ്പെടുത്തിയെന്നും അത് എണ്ണിയിട്ടുണ്ടെന്നും മനസ്സിലാക്കാൻ വോട്ടർക്ക് മൗലികമായ അവകാശമുണ്ട്. എന്നാൽ, ഭരണഘടനയുടെ 19(1) വകുപ്പു പ്രകാരം പൗരന് ലഭ്യമായ അഭിപ്രായ സ്വാതന്ത്ര്യം പരമമായ ഒന്നല്ല. ഇത്തരം അവകാശങ്ങളിൽ യുക്തമായ നിയന്ത്രണങ്ങൾ സർക്കാറിന് കൊണ്ടുവരാവുന്നതാണ്. ഈ കേസിലെ വിഷയം, വോട്ട് ശരിയായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്നറിയാനുള്ള വോട്ടറുടെ അവകാശം നിറവേറ്റപ്പെടുന്നുണ്ടോ എന്നതാണ്. പേപ്പർ ബാലറ്റ് സമ്പ്രദായത്തിൽ അത്തരമൊരു അവകാശം എത്രമേൽ നിറവേറ്റിയെന്ന ചോദ്യമാണ് ഇവിടെ പ്രസക്തം. സാങ്കേതിക വിദ്യയുടെ പുരോഗതിക്കിടയിൽ ബാലറ്റ് പേപ്പർ സമ്പ്രദായത്തിലേക്ക് തിരിച്ചു പോകണമെന്ന ആവശ്യം യുക്തിസഹമല്ല.
തെരഞ്ഞെടുപ്പു നടത്തിപ്പിന്‍റെ വലിയ വെല്ലുവിളികൾക്കിടയിൽ വിവിപാറ്റ് സ്ലിപ് മുഴുവൻ ഒത്തുനോക്കുകയെന്ന അധികഭാരം തെരഞ്ഞെടുപ്പു കമീഷന്‍റെ തലയിൽ വെച്ചുകെട്ടാനാവില്ല. 70 വർഷമായി സ്വതന്ത്രവും നീതിപൂർവകവുമായി തെരഞ്ഞെടുപ്പു നടത്തിയതിൽ രാജ്യം അഭിമാനിക്കുന്നതിന്‍റെ ക്രെഡിറ്റ് പ്രധാനമായും തെരഞ്ഞെടുപ്പു കമീഷന് അവകാശപ്പെട്ടതാണ്. വോട്ടെണ്ണലിലെ ക്രമക്കേട് സാധ്യത തടയാൻ കർക്കശമായ പരിശോധന സംവിധാനം ഇപ്പോഴുണ്ട്. ഇന്ത്യയിലെ ജനങ്ങളിൽ ബഹുഭൂരിപക്ഷം വോട്ടുയന്ത്രത്തെ വിശ്വസിക്കുന്നില്ലെന്ന സി.എസ്.ഡി.എസ്-ലോക്നീതി സർവേ ഫലം ഒരു സ്വകാര്യ റിപ്പോർട്ട് മാത്രമാണ്. അത് അപ്പടി വിശ്വസിക്കാൻ കാരണം കാണുന്നില്ല. കാലം മുന്നോട്ടുപോകുന്നതിനൊത്ത് കൂടുതൽ വോട്ടർമാർ തെരഞ്ഞെടുപ്പു പ്രക്രിയയിൽ പങ്കെടുത്തു വരുന്നുണ്ട്. വോട്ടുയന്ത്രത്തെ സംശയിച്ചാൽ, പോളിങ് ശതമാനം വർധിച്ചുകൊണ്ടേയിരിക്കില്ലെന്നും കോടതി നിരീക്ഷിച്ചു.