കൊൽക്കത്ത: ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ പഞ്ചാബ് കിംഗ്സിന് എട്ടു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം. ടി20 ചരിത്രത്തിലെ റെക്കോർഡ് ചേസിംഗിനാണ് ഈഡൻ ഗാർഡൻസ് വേദിയായത്.
കൊൽക്കത്ത മുന്നോട്ടുവച്ച 262 റൺസ് വിജയലക്ഷ്യം 8 പന്തുകൾ ബാക്കിനിർത്തി 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി പഞ്ചാബ് മറികടന്നു. ടി-20 ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന റൺ ചേസാണ് ഇത്. 48 പന്തിൽ 108 റൺസ് നേടി പുറത്താവാതെ നിന്ന ജോണി ബെയർസ്റ്റോ ആണ് പഞ്ചാബിൻ്റെ ടോപ്പ് സ്കോറർ. പ്രഭ്സിമ്രാൻ സിങ്ങും ശശാങ്ക് സിങ്ങും അതിവേഗ അർധ സെഞ്ച്വറികളുമായി തിളങ്ങി.
നേരത്തെ, നരെയ്ന്റെയും സാൾട്ടിന്റെയും വെടിക്കെട്ട് അർധ സെഞ്ച്വറിയാണ് കൊൽക്കത്തയെ വമ്പൻ സ്കോറിലെത്തിച്ചത്. ടീം സ്കോർ 23 പന്തിൽ 50 കടത്തിയ ഇരുവരും ഒന്നാം വിക്കറ്റിൽ 10.2 ഓവറിൽ 138 റൺസാണ് അടിച്ചെടുത്തത്. സാൾട്ട് 37 പന്തിൽ ആറു സിക്സും ആറു ഫോറുമടക്കം 75 റൺസെടുത്ത് പുറത്തായി. നരെയ്ൻ 32 പന്തിൽ 71 റൺസെടുത്തു. നാലു സിക്സുകളും ഒമ്പത് ഫോറുമടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്.
നരെയ്നെ ബെയർസ്റ്റോയുടെ കൈകളിലെത്തിച്ച് രാഹുൽ ചഹറാണ് പഞ്ചാബിന് ആദ്യ ബ്രേക്ക് ത്രൂ നൽകിയത്. പിന്നാലെ സാൾട്ടിനെ സാം കറൻ ബൗൾഡാക്കി. അപ്പോഴേക്കും ടീം 12.3 ഓവറിൽ 163ൽ എത്തി. ഒരുഘട്ടത്തിൽ ടീമിന്റെ പ്രൊജക്ട് സ്കോർ 300 വരെ എത്തിയിരുന്നു. 23 പന്തിൽ 39 റൺസെടുത്ത് വെങ്കടേഷ് അയ്യരും തിളങ്ങി. ആന്ദ്രെ റസ്സൽ (12 പന്തിൽ 24), നായകൻ ശ്രേയസ് അയ്യർ (10 പന്തിൽ 28), റിങ്കു സിങ് (നാലു പന്തിൽ അഞ്ച്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.
ആറു റൺസുമായി രമൺദീപ് സിങ് പുറത്താകാതെ നിന്നു. പഞ്ചാബിനായി അർഷ്ദീപ് സിങ് രണ്ടു വിക്കറ്റ് വീഴ്ത്തി. സാം കറൻ, രാഹുൽ ചഹൽ, ഹർഷൽ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
വമ്പൻ വിജയലക്ഷ്യത്തിലേക്ക് പാഡ് കെട്ടിയിറങ്ങിയ പഞ്ചാബിന് തകർപ്പൻ തുടക്കമാണ് പ്രഭ്സിമ്രാനും ബെയർസ്റ്റോയും നൽകിയത്. ബെയർസ്റ്റോ പതിയെ തുടങ്ങിയപ്പോൾ പ്രഭ്സിമ്രാൻ ആക്രമിച്ച് കളിച്ചു. വെറും 19 പന്തിൽ ഫിഫ്റ്റിയടിച്ച താരം 20 പന്തിൽ 54 റൺസ് നേടി റണ്ണൗട്ടായി. ആദ്യ പവർ പ്ലേയിൽ 93 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ടുയർത്തിയ ശേഷമാണ് പ്രഭ്സിമ്രാൻ മടങ്ങിയത്. രണ്ടാം വിക്കറ്റിലെത്തിയ റൈലി റുസോ അല്പം ബുദ്ധിമുട്ടിയെങ്കിലും ഫോമിലേക്കെത്തിയ ബെയർസ്റ്റോ സ്കോറിംഗ് ചുമതല ഏറ്റെടുത്തു. സുനിൽ നരേൻ ഒഴികെ ബാക്കിയുള്ളവരെല്ലാം അടിവാങ്ങി. 24 പന്തിൽ ബെയർസ്റ്റോ ഫിഫ്റ്റി നേടി. ഇതിനിടെ 16 പന്തിൽ 26 റൺസ് നേടിയ റുസോയെ സുനിൽ നരേൻ പുറത്താക്കി. രണ്ടാം വിക്കറ്റിൽ 85 റൺസാണ് ബെയർസ്റ്റോയ്ക്കൊപ്പം റുസോ കൂട്ടിച്ചേർത്തത്.
നാലാം നമ്പറിൽ ശശാങ്ക് സിംഗ് എത്തിയതോടെ രണ്ട് ഭാഗത്തുനിന്നും ബൗണ്ടറികൾ പ്രവഹിക്കാൻ തുടങ്ങി. ഇതിനിടെ 45 പന്തിൽ ബെയർസ്റ്റോ മൂന്നക്കത്തിലെത്തി. 23 പന്തിൽ ശശാങ്ക് സിംഗ് ഫിഫ്റ്റിയും തികച്ചു. ഈ സഖ്യം പഞ്ചാബിനെ റെക്കോർഡ് വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ബെയർസ്റ്റോയ്ക്കൊപ്പം 28 പന്തിൽ 68 റൺസ് നേടിയ ശശാങ്കും നോട്ടൗട്ടാണ്. ഏറ്റവും ഉയർന്ന ടി20 ചേസ് എന്നതിനൊപ്പം ടി20യിൽ ഏറ്റവുമധികം സിക്സർ പിറന്ന മത്സരവും ഇതാണ്. ആകെ 42 സിക്സറുകളാണ് ഈ മത്സരത്തിൽ പിറന്നത്. ജയത്തോടെ പഞ്ചാബ് മുംബൈയെ മറികടന്ന് പോയിൻ്റ് പട്ടികയിൽ ഏഴാം സ്ഥാനത്തെത്തി. കൊൽക്കത്ത രണ്ടാം സ്ഥാനത്ത് തന്നെ തുടരുകയാണ്.