ടൂറിസ്റ്റ് ബസ് മറിഞ്ഞ് കര്‍ണാടക സ്വദേശി മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 2.30-ഓടെ കോഴിക്കോട്, ഫറോക്കില്‍ ആയിരുന്നു സംഭവം. തിരുവനന്തപുരത്തുനിന്ന് ഉടുപ്പിയിലേക്കുപോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. കോഹിനൂര്‍ എന്നപേരില്‍ ആണ് സർവീസ് നടത്തിയിരുന്നത്. മരിച്ച കര്‍ണാടക സ്വദേശിയെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം, താമരശ്ശേരി കരിഞ്ചോലയിൽ കാണാതായ പത്താം ക്ലാസുകാരിയെയും സുഹൃത്തിനെയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. താമരശേരി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനി കരിഞ്ചോല പെരിങ്ങോട് ബിജുവിന്റെ മകൾ ദേവനന്ദയേയും എകരൂൽ സ്വദേശിയായ വിഷ്ണുവിനെയുമാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ബാലുശ്ശേരി കാപ്പിക്കുന്നിലെ ആൾ താമസമില്ലാത്ത വീട്ടിലാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് 5 ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് നിഗമനം.
എട്ട് ദിവസം മുമ്പാണ് ഇരുവരെയും കാണാതായത്. മകളെ കാണാതായതിനെത്തുടർന്ന് പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും പൊലീസ് അന്വേഷണം കാര്യക്ഷമമായിരുന്നില്ലെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ ആരോപിച്ചിരുന്നു.
















