ഡൽഹി : അഴിമതിക്കേസിൽ അഴിക്കുള്ളിലായിട്ടും രാജിവയ്ക്കാതെ തുടരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ദേശീയ താൽപ്പര്യങ്ങൾക്ക് മുകളിലാണ് അരവിന്ദ് കെജ്രിവാളിന്റെ വ്യക്തിതാല്പര്യങ്ങളെന്ന് കോടതി പറഞ്ഞു. അതുകൊണ്ടാണ് അറസ്റ്റിലായിട്ടും മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാൻ കെജ്രിവാൾ തയാറാകാത്തത്.
ആം ആദ്മി സർക്കാരിന് അധികാരത്തിൽ മാത്രമാണ് താൽപര്യമെന്നും കോടതി വിമർശിച്ചു.ഡൽഹിയിലെ സർക്കാർ സ്കൂളുകളിൽ ചേരുന്ന വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങളും യൂണിഫോമും ലഭ്യമല്ലെന്ന വിഷയത്തിലായിരുന്നു കോടതിയുടെ വിമർശനം. “നിങ്ങൾക്ക് അധികാരത്തിൽ മാത്രമാണ് താല്പര്യം, ഇനിയും നിങ്ങൾക്ക് എത്രത്തോളം അധികാരമാണ് വേണ്ടതെന്ന് അറിയില്ല.” ഹൈക്കോടതി പറഞ്ഞു.
മുഖ്യമന്ത്രി ജയിലിലായിട്ടും സർക്കാർ തുടരുമെന്ന് തീരുമാനിച്ചത് ആം ആദ്മി പാർട്ടി ആയിരുന്നെന്നും ഇതിലൂടെ മറ്റു നടപടികൾ സ്വീകരിക്കാൻ കോടതിയെ നിർബന്ധിക്കുകയാണെന്നും ഡൽഹി സർക്കാരിന് കോടതി മുന്നറിയിപ്പ് നൽകി. വിഷയത്തിൽ നഗരവികസന മന്ത്രി സൗരഭ് ഭരദ്വാജിനെയും കോടതി ശകാരിച്ചു. മന്ത്രി വിദ്യാർത്ഥികളുടെ ദുരിതത്തിനുനേരെ കണ്ണടച്ച് മുതലക്കണ്ണീർ ഒഴുക്കുകയാണെന്ന് കോടതി വിമർശിച്ചു.