തിരുവനന്തപുരം : സംസ്ഥാനത്ത് ചൂട് ഇനിയും കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മൂന്ന് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പുണ്ട്. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയിരുന്നു.
റെക്കോഡ് ചൂടാണ് കഴിഞ്ഞ ദിവസം പാലക്കാട് രേഖപ്പെടുത്തിയത്. ഇതോടെയാണ് ഉഷ്ണതരംഗം സ്ഥിരീകരിച്ചത്. 41.4 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ സാധ്യത ഏറെയാണ്
ഇത് മരണത്തിലേക്ക് വരെ നയിച്ചേക്കാം. സംസ്ഥാനത്തെ 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പായ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, കോഴിക്കോട്, കണ്ണൂർ, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസറഗോഡ്, തിരുവനന്തപുരം ജില്ലകളിൽ ഈ മാസം 30 വരെയാണ് യെല്ലോ അലർട്ട്.