കൊല്ലം ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ജി കൃഷ്ണകുമാറുമായി ബന്ധപ്പെട്ട ഒരു വാർത്തയുടെ സത്യാവസ്ഥയാണ് ഫാക്ട് ചെക്കിൽ പരിശോധിക്കുന്നത്. ബിജെപി തമിഴ്നാട് സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലയ്ക്കൊപ്പം നിൽക്കുന്ന ചിത്രവും, കൃഷ്‌ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയ്ക്കൊപ്പം നിൽക്കുന്ന ചിത്രവും ഉൾപ്പെടുത്തി ഉണ്ടാക്കിയ ഒരു കൊളാഷ് ആണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
കുറച്ചു ദിവസങ്ങൾക്കു മുൻപാണ് തിരഞ്ഞെടുപ് റാലിയിൽ പങ്കരടുക്കുന്നതിനിടയിൽ കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേൽക്കുന്നത്. ഈ പേരുമായി ബന്ധപ്പെട്ടതാണ് വിഷയം. രണ്ട് ചിത്രത്തിലും വ്യത്യസ്ത കണ്ണുകളിലാണ് ബാൻഡ് എയിഡ് ധരിച്ചിരിക്കുന്നത് എന്ന കുറിപ്പോടെയാണ് വൈറൽ പോസ്റ്റ് പ്രചരിക്കുന്നത്.
“ഇതെന്ത് മറി മായം!! വലത്തേ കണ്ണിലെ പ്ലാസ്റ്റർ ഇടത്തെ കണ്ണിലേയ്ക്ക് മാറി!!
വോട്ടർമാരുടെ അനുകമ്പ പിടിച്ചു പറ്റി എങ്ങനെയും ജയിക്കാൻ ഓരോ വേഷം കെട്ടലുകൾ.” എന്ന തലകെട്ടോടെ ഫേസ്ബുക്കിൽ ആണ് പോസ്റ്റ് പ്രചരിക്കുന്നത്.
എന്താണ് ഈ പോസ്റ്റിനു പിന്നിലെ യാഥാർഥ്യം എന്ന് പരിശോധിക്കാം.
കൃഷ്ണ കുമാർ അണ്ണാമലൈയ്ക്കൊപ്പം നിൽക്കുന്ന ചിത്രത്തിൽ വലത് കണ്ണിലാണ് പരിക്കുള്ളത്. സിന്ധു കൃഷ്ണയ്ക്കൊപ്പമുള്ള ചിത്രത്തിൽ ഇടത് കണ്ണിലാണ് ബാൻഡ് എയിഡുള്ളത്. രണ്ടാമത്തെ ചിത്രം ഒരു സെൽഫിയാണ്. ഈ ചിത്രം സൂക്ഷ്മമായി പരിശോധിച്ചപ്പോൾ ഇതൊരു മിറേഡ് ഇമേജാവാൻ സാധ്യതയുണ്ടെന്ന സൂചന ലഭിച്ചു.
കണ്ണാടിയിൽ നോക്കുമ്പോൾ കാണുന്നതുപോലെ ഇടത് വശവും വലത് വശവും പരസ്പരം മാറുന്നതിനെയാണ് മിറേഡ് ഇമേജ് എന്ന് പറയുന്നത്. കൂടുതൽ വിവരങ്ങൾക്കായി ഇവരുടെ മറ്റ് ചിത്രങ്ങൾ പരിശോധിച്ചപ്പോൾ കൃഷ്ണ കുമാറും ഭാര്യയും ഇതേ വസ്ത്രം ധരിച്ച് അണ്ണാമലയ്ക്കൊപ്പം നിൽക്കുന്ന ഒരു ചിത്രം ലഭിച്ചു. ഈ രണ്ട് ചിത്രങ്ങളും താരതമ്യം ചെയ്തപ്പോൾ വൈറൽ ചിത്രത്തിൽ ഭാര്യ സിന്ധു കൃഷ്ണയുടെ മൂക്കുത്തി വലത് വശത്തും കൃഷ്ണ കുമാറിന്റെ കണ്ണിലെ ബാൻഡ്-എയിഡ് ഇടത് വശത്തുമാണുള്ളതെന്നും ഇതേ ദിവസം എടുത്ത മറ്റൊരു ചിത്രത്തിൽ സിന്ധു കൃഷ്ണയുടെ മൂക്കുത്തിയും കൃഷ്ണകുമാറിന്റെ കണ്ണിലെ ബാൻഡ് എയിഡും വലത് വശത്താണുള്ളതെന്നും വ്യക്തമായി കാണാം.
കൊല്ലത്ത് അണ്ണാമലൈ പങ്കെടുത്ത തെരഞ്ഞെടുപ്പ് പരിപാടിയുടെ യൂട്യൂബ് വീഡിയോ പരിശോധിച്ചപ്പോൾ കൃഷ്ണ കുമാറിന്റെ വലത് കണ്ണിന് തന്നെയാണ് ബാൻഡ് എയിഡ് ഉള്ളത്.
കൊല്ലം മുളവന ചന്തയിൽ പ്രചാരണം നടത്തുന്നതിനിടെയാണ് കൃഷ്ണ കുമാറിന്റെ കണ്ണിന് പരിക്കേൽക്കുന്നത്. മൂർച്ചയേറിയ വസ്തു കണ്ണിൽ കൊണ്ടതാണെന്നും അദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം പ്രചാരണം തുടർന്നുവെന്നും ഒക്കെയുള്ള വാർത്തകൾ കഴിഞ്ഞദിവസങ്ങളിൽ പുറത്തുവന്നിരുന്നു. സിപിഎം പ്രവർത്തകരാണ് മൂർച്ചയുള്ള ആയുധമുപയോഗിച്ച് തന്നെ ആക്രമിച്ചത് എന്ന് കാണിച്ച് അദ്ദേഹം കുണ്ടറ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയെ തുടർന്ന് പൊലീസും സ്പെഷ്യൽ ബ്രാഞ്ചും നടത്തിയ അന്വേഷണത്തിൽ പ്രതി ബിജെപി പ്രവർത്തകൻ തന്നെയാണെന്ന് കണ്ടെത്തുകയായിരുന്നു. ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജനറൽ സെക്രട്ടറി സനൽ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ലഭ്യമായ വിവരങ്ങളിൽ നിന്നും കൃഷ്ണ കുമാറിന്റെ കണ്ണിനേറ്റ മുറിവ് വ്യാജമാണെന്ന തരത്തിൽ പ്രചരിക്കുന്ന ചിത്രം മിറേഡ് ഇമേജ് ആണെന്നും വലത് കണ്ണിന് തന്നെയാണ് പരിക്കേറ്റിട്ടുള്ളതെന്നും വ്യക്തമാണ്.