FACT CHECK| ആന്റോ അന്റോണിയെ നാട്ടുകാർ ഓടിക്കുന്നു? വാസ്തവമെന്ത് ?

പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയും സിറ്റിങ് എംപിയുമായ ആന്റോ ആന്റണിയുടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. ഒരു ചർച്ചയ്ക്കിടെ ആന്റോ ആന്റണി വേദിയിൽ നിന്ന് ബഹളമുണ്ടാക്കുകയും ശേഷം ഇറങ്ങിപോവുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം.”ആന്റോ അന്റോണിയെ നാട്ടുകാർ ഓടിക്കുന്നു…” എന്ന തലകെട്ടോടെയാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

എന്താണ് ഈ പ്രചാരണത്തിന്റെ സത്യാവസ്ഥ എന്ന് നോക്കാം.

വൈറൽ വീഡിയോ ശ്രദ്ധിച്ചു നോക്കിയാൽ “വന്യജീവി ശല്യം ശാശ്വതമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കർഷക മഹാസംഗമം” എന്ന് വേദിയിലെ ബാനറിൽ എഴുതിയിരിക്കുന്നതായി കാണാം. കൂടുതൽ അന്വേഷിച്ചപ്പോൾ പത്തനംതിട്ട മണ്ഡലത്തിലെ കോരുത്തോട്ടിൽ കർഷക സമിതി സംഘടിപ്പിച്ച പരിപാടിയിൽ നിന്ന് ആന്റോ ആന്റണി എംപി ഇറങ്ങിപ്പോയി എന്ന റിപ്പോർട്ട് ലഭിച്ചു. അവതാരകൻ മോശം പരാമർശം നടത്തിയെന്ന് ആരോപിച്ചാണ് അദ്ദേഹം ഇറങ്ങിപ്പോയതെന്ന് മാധ്യമങ്ങൾ റിപ്പോർട് ചെയ്തതായി കണ്ടെത്തി.

‘അവതാരകനുമായി തർക്കം; ആന്റോ ആന്റണിയും പി സി ജോര്‍ജും വാഴൂര്‍ സോമനും സംവാദത്തിനിടയിൽ ഇറങ്ങിപ്പോയി’ എന്ന തലകെട്ടിൽ പ്രസിദ്ധീകരിച്ച മറ്റൊരു വാർത്തയിൽ, അവതാരകന്‍ മോശം പരാമര്‍ശം നടത്തി എന്നാരോപിച്ച് കര്‍ഷകസമിതിയുടെ പരിപാടിയിൽ നിന്ന് പത്തനംതിട്ട യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി എംപി, പി സി ജോർജ്, എല്‍ഡിഎഫ് എംഎല്‍എ വാഴൂര്‍ സോമൻ എന്നിവർ ഇറങ്ങിപ്പോയി എന്ന് വ്യക്തമാക്കുന്നുണ്ട്. വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് നേതാക്കളോട് ചോദിച്ചതെന്നും ഈ റിപ്പോർട്ടിൽ പറയുന്നു.

വന്യജീവി ശല്യം ശാശ്വതമായി പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് നടന്ന കർഷക മഹാസംഗമത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളിലെ ആളുകൾ പങ്കെടുത്തിരുന്നു. ഒരു ചർച്ച എന്ന രീതിയിലാണ് പരിപാടി സംഘടിപ്പിച്ചത്. കോൺഗ്രസിന്റെ പ്രകടനപത്രികയെ കുറിച്ചുള്ള ചോദ്യത്തിനിടെയാണ് ആന്റോ ആന്റണി ചോദ്യകർത്താവുമായി തർക്കിക്കുന്നത്. തുടർന്ന് അദ്ദേഹത്തിന്റെ അനുയായികൾ ബഹളമുണ്ടാക്കി, അദ്ദേഹം ഇറങ്ങിപ്പോയി” സണ്ണി വെട്ടുകല്ലേൽ ഇന്ത്യാ ടുഡേയോട് പറഞ്ഞു.

ലഭ്യമായി വിവരങ്ങളിൽ നിന്നും ആന്റോ ആന്റണിയെ നാട്ടുകാർ ഓടിക്കുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ അടിസ്ഥാനരഹിതമാണെന്നും, പരിപാടിക്കിടെ അവതാരകനുമായി ഉണ്ടായ തർക്കത്തെ തുടർന്ന് വേദിവിട്ട് ഇറങ്ങിപോകുന്നതാണെന്ന് വ്യക്തമാണ്. മാത്രമല്ല, ആന്റോ ആന്റണിയെ കൂടാതെ പരിപാടിയിൽ പങ്കെടുത്ത മറ്റു നേതാക്കളും ഇതേ പ്രശ്നം ആരോപിച്ചു വേദി വിഎടുകയുണ്ടായി.

Latest News