കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ എൻഫോഴ്സ്‍മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) മുന്നിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം.വർഗീസ് ഹാജരാകും. കരുവന്നൂർ വിഷയത്തിൽ വർഗീസിനെ മുൻപ് ഇ.ഡി മണിക്കൂറുകളോളം ചോദ്യംചെയ്തിരുന്നു.
ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വർഗീസിന് നേരത്തെ സമൻസ് ലഭിച്ചിരുന്നെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണം അവസാന ഘട്ടത്തിലായതിനാൽ അസൗകര്യം അറിയിച്ചതിനെത്തുടർന്ന് ഹാജരാകുന്നതിൽനിന്നും ഇതുവരെ വിട്ടുനിൽക്കുകയായിരുന്നു വർഗീസ്. ഇതിനു പിന്നാലെയാണ് വോട്ടെടുപ്പ് കഴിഞ്ഞതിനുശേഷം വർഗീസ് ഹാജരാകുന്നത്.
എം.എം.വർഗീസ് ജില്ലാ സെക്രട്ടറിയായ തൃശൂർ ജില്ലയിലെ 25 സഹകരണ ബാങ്കുകളുടെ വാർഷിക ഓഡിറ്റ് റിപ്പോർട്ട് ഇ.ഡി ആവശ്യപ്പെട്ടിട്ടും നൽകാൻ ഭരണസമിതികൾ തയാറായിട്ടില്ലെന്നു കേന്ദ്ര ധന വകുപ്പ്, റിസർവ് ബാങ്ക്, കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ എന്നിവയ്ക്കു റിപ്പോർട്ട് നൽകിയിരുന്നു.