ഐഫോണുകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത സൗകര്യങ്ങള്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ആപ്പിളും ഓപ്പണ്‍ എഐയുമായി ചര്‍ച്ചകള്‍ പുനരാരംഭിച്ചതായി റിപ്പോര്‍ട്ട്. ആപ്പിളിന്റെ ഐഒഎസ് 18 ല്‍ ഓപ്പണ്‍ എഐയുടെ എഐ ഫീച്ചറുകള്‍ എത്തിക്കുന്നതിനുള്ള കരാറുമായി ബന്ധപ്പെട്ടാണ് ചര്‍ച്ച. മുമ്പും ഇരു കമ്പനികളും തമ്മില്‍ ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. എന്നാല്‍ പിന്നീട് കാര്യമായൊന്നും നടന്നില്ല.
ഇതിന് പുറമെ ജെമിനി ചാറ്റ് ബോട്ട് ഫീച്ചറുകള്‍ ഉപയോഗിക്കുന്നതിന് വേണ്ടി ആപ്പിള്‍ ഗൂഗിളുമായും ചര്‍ച്ചയിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇവരില്‍ ആരുമായി പങ്കാളിത്തം വേണമെന്നതില്‍ ആപ്പിള്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. ഈ കരാറുകള്‍ യാഥാര്‍ഥ്യമാവുമോ എന്നും ഉറപ്പിക്കാനാവില്ല. ചിലപ്പോള്‍ ഇരു കമ്പനികളെയും ഒഴിവാക്കി പുതിയ മറ്റേതെങ്കിലും പങ്കാളിയെ കണ്ടെത്തിയേക്കാം.
അതേസമയം, ആപ്പിള്‍ സ്വന്തം നിലയ്ക്കും എഐ മോഡലുകള്‍ നിര്‍മിച്ചിട്ടുണ്ട്. ഈ എഐ മോഡലുകളും പുതിയ ഐഒഎസ് 18 ല്‍ ഉള്‍പ്പെടുത്തിയേക്കും. എന്നാല്‍ മികച്ചൊരു ചാറ്റ്‌ബോട്ട് ഫീച്ചര്‍ ഐഒഎസില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമം ആപ്പിള്‍ നടത്തുന്നുണ്ട്. അതിന് വേണ്ടിയാണ് പുറത്തുനിന്നൊരു പങ്കാളിയെ തേടുന്നത്. എഐ സ്റ്റാര്‍ട്ട്അപ്പ് ആയ ആന്ത്രോപിക്കുമായും ആപ്പിള്‍ ചര്‍ച്ചകള്‍ നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ സുപ്രധാനമായൊരു ഫീച്ചര്‍ സ്വന്തം നിലയില്‍ അവതരിപ്പിക്കാതെ മറ്റൊരു കമ്പനിയുടെ ഫീച്ചര്‍ ഐഒഎസില്‍ ഉള്‍പ്പെടുത്താന്‍ ആപ്പിള്‍ തീരുമാനിക്കുമോ എന്ന് വ്യക്തമല്ല. അത് ഐഒഎസിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്.