മലയാള സിനിമയിലെ യുവതാരങ്ങളിൽ ഏറെ പ്രതീക്ഷയുള്ള യുവനടനാണ് ഷെയിൻ നിഗം. മലയാള സിനിമയുടെ നായക നിരയിലേക്ക് പുഞ്ചിരിച്ചുകൊണ്ട് കടന്നുവന്ന ചെറുപ്പക്കാരന്‍ ഇന്ന് സ്വാഭാവിക അഭിനയശൈലിയുടെ വക്താക്കളിലൊരാളായി ഉയര്‍ന്നിരിക്കുന്നു. ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മലയാള സിനിമയുടെ ‘കിസ്മത്ത്’ തിരുത്തിയ ഷെയ്ന്‍ നിഗം യുവനായകന്‍മാരില്‍ ശ്രദ്ധേയനായതും സ്വതസിദ്ധമായ അഭിനയരീതികൊണ്ട് തന്നെയാണ്. അന്തരിച്ച നടനും ഹാസ്യനടനുമായ കലാഭവൻ അബിയുടെ മകനും കൂടിയാണ് ഷെയിൻ നിഗം.
ചെറുപ്പക്കാരുടെ ഇടയിലും കുടുംബപ്രേക്ഷകരുടെ ഇടയിലും ഒരുപോലെ ആരാധകരുള്ള താരമാണ് ഷെയിൻ നിഗം. 2010 ല്‍ പുറത്തിറങ്ങിയ പൃഥ്വിരാജിന്റെ താന്തോന്നി എന്ന ചിത്രത്തിലൂടെയാണ് ഷെയ്ന്‍ സിനിമയില്‍ എത്തുന്നത്. പിന്നീട് 2016 ല്‍ പുറത്തിറങ്ങിയ കിസമത്തിലൂടെയാണ് നായകനാവുന്നത്. ആ ഒറ്റ ചിത്രം കൊണ്ട് തന്നെ ഷെയ്ന്‍ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു. പകരക്കാരനില്ലാത്ത നടനാണ് ഷെയ്ന്‍.
ഇപ്പോഴിതാ ഒരു പുതിയ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ഷെയിൻ നിഗം. ‘തന്റെ കരിയർ സിനിമ ആണെന്ന തീരുമാനത്തിലേക്ക് താൻ ഇതുവരെയായിട്ടും എത്തിച്ചേർന്നിട്ടില്ല’ എന്നാണ് ഷെയിൻ വെളിപ്പെടുത്തുന്നത്. തന്നെ കൊണ്ടുപോകുന്ന വഴിയിലൂടെ സഞ്ചരിക്കുന്നു എന്ന് മാത്രമേയുള്ളു. ആ തീരുമാനം എനിക്ക് എടുക്കാൻ പറ്റില്ല. അങ്ങനെയുള്ള കഴിവുകളൊന്നും എനിക്ക് തന്നിട്ടില്ല എന്നാണ് ഷെയിൻ പറയുന്നത്. പൂർണ്ണമനസ്സോടെയല്ലാതെ തനിക്ക് ഒരു കാര്യവും ചെയ്യാൻ കഴിയില്ല എന്നും താരം വ്യക്തമാക്കുന്നുണ്ട്.
ഇതുതന്നെയാണ് എന്റെ കരിയർ, ഇനിയും സിനിമ ഇൻഡസ്ട്രിയിൽ തന്നെ നിൽക്കും എന്ന തീരുമാനം എപ്പോഴാണ് എടുത്തത് എന്ന അവതാരികയുടെ ചോദ്യത്തിനാണ് താൻ ഇതുവരെ ആ തീരുമാനത്തിലേക്ക് എത്തിച്ചേർന്നിട്ടില്ല എന്ന വെളിപ്പെടുത്തൽ താരം നടത്തിയത്. ചെയ്യുന്ന എന്ത് കാര്യവും അതിന്റെ പ്രാധാന്യത ഉൾക്കൊണ്ട മാത്രമേ ചെയ്യുകയുള്ളൂ എന്നും ഷെയിൻ കൂട്ടിച്ചേർത്തു. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഷെയിൻ ഇത്തരത്തിലുള്ള കാര്യങ്ങൾ വെളിപ്പെടുത്തിയത്.
സൂഫിസത്തിലേക്കുള്ള തന്റെ ഇഷ്ടത്തെക്കുറിച്ചും ഷെയിൻ വെളിപ്പെടുത്തുന്നുണ്ട്. ചുറ്റുമുള്ള എല്ലാവരിൽ നിന്നും സ്വന്തം മനസ്സിനോടും പോലും ഒരു സമയത്ത് അകലം തോന്നിയിരുന്നതായി താരം പറയുന്നു. ആ സമയത്ത് താൻ ഏറ്റവും കൂടുതൽ ആശ്രയിച്ചത് സൂഫിസത്തെയാണ്. മനസ്സിന് ഒരുപാട് സമാധാനം സൂഫിസം തരുന്നുണ്ട് എന്ന് ഷെയിൻ പറയുന്നു. സമാധാനത്തിലേക്കുള്ള പാതയാണ് മതമെന്നും താരം വ്യക്തമാക്കുന്നു.
അച്ഛനെക്കുറിച്ചുള്ള കുറിച്ചുള്ള ഓർമ്മകളും ഷെയിൻ അഭിമുഖത്തിൽ പങ്കുവെക്കുന്നുണ്ട്. ചെറിയ പ്രായത്തിൽ തന്നെ ഒരുപാട് പേരുടെ റിഹേഴ്സൽ ക്യാമ്പും, ട്രൂപ്പുകളും, നിരവധി ഡാൻസേഴ്‌സും, സ്റ്റേജ് ഷോകളും കണ്ടാണ് താൻ വളർന്നുവന്നതെന്ന് ഷെയിൻ പറയുന്നു. പിന്നീട് പതുക്കെ ട്രൂപ്പുകൾ ഇല്ലാതാകുന്ന കാഴ്ചയാണ് താൻ കാണുന്നതെന്നും സിനിമയിൽ നിലനിൽക്കാൻ തന്റെ പിതാവ് ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്നും ഷെയിൻ പറയുന്നു. അതുകൊണ്ട് തന്നെ അച്ഛൻ നൂറു ശതമാനവും ഒരു സ്റ്റേജ് ആർട്ടിസ്റ്റാണ്. ‘അച്ഛൻ ഒരിക്കലും ഒരു സിനിമാക്കാരനല്ല മിമിക്രി കലാകാരനാണ് അതുകൊണ്ട് തന്നെ ഞാൻ ഒരു സിനിമപശ്ചാത്തലമുള്ള കുടുംബത്തിൽ നിന്ന് വരുന്ന ആളായി എന്നെ കരുതുന്നില്ല’ എന്ന് മുൻപുള്ള അഭിമുഖങ്ങളിൽ ഷെയിൻ വ്യക്തമാക്കിയിട്ടുണ്ട്.
അമൃത ടി വി യുടെ ഡാൻസ് ഷോയിലൂടെയാണ് മുഖ്യധാരയിലേക്ക് ഷെയിൻ കടന്നുവരുന്നത്. താന്തോന്നി, അൻവർ എന്നീ മലയാളചിത്രങ്ങളിൽ ബാലതാരമായാണ് ഷെയിൻ അഭിനയജീവിതം തുടങ്ങുന്നത്. രാജീവ് രവിയുടെ അന്നയും റസൂലുമാണ് ഷെയിൻന്റെ അഭിനയജീവിതത്തിൽ വഴിത്തിരിവാകുന്നത്. പ്രശാന്ത് വിജയകുമാർ സംവിധാനം ചെയ്യുന്ന ‘ഹാൽ’ എന്ന ചിത്രത്തിലാണ് ഷെയിൻ ഇപ്പോൾ അഭിനയിക്കുന്നത്.