ഇ.പി ജയരാജന്‍ ജാവദേക്കര്‍ വിവാദം ബിരിയാണിച്ചെമ്പ് പോലെയാണെന്നാണ് തൃശ്ശൂരിലെ ഇടത് സ്ഥാനാര്‍ത്ഥിയായ വി.എസ് സുനില്‍ കുമാറിന്റെ പ്രതികരണം. എന്നാല്‍, സുനില്‍കുമാറിന്റെ പാര്‍ട്ടിയുടെ നിലപാട് ഇ.പി ജയരാജനെതിരേയാണ്. ഇടതു മുന്നണി കണ്‍വീനര്‍ സ്ഥാനത്തു നിന്നും ഇപി മാറ്റാണമെന്ന പൊതു നിലപാടാണ് സി.പി.ഐക്കുള്ളത്. എന്നാല്‍, ആരോപണത്തില്‍ ഒരു അടിസ്ഥാനവുമില്ലെന്നും കൂടിക്കാഴ്ചയില്‍ അസ്വാഭാവികത ഇല്ലെന്നുമാണ് വി.എസ്. സുനില്‍കുമാര്‍ പറയുന്നത്.
ഇ പി ജയരാജന്റെ രാഷ്ട്രീയ സത്യസന്ധതയില്‍ സംശയമില്ല. ഇപി ജയരാജന്‍ എല്ലാവരോടും അടുപ്പത്തോടെ പെരുമാറുന്ന പ്രകൃതക്കാരനാണെന്നും വി എസ് സുനില്‍ കുമാര്‍ പറയുന്നു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തന്റെ വീട്ടില്‍ വന്നിട്ടുണ്ട്. തങ്ങള്‍ സുഹൃത്തുക്കളാണ്. അതുകൊണ്ട് താന്‍ ബി.ജെ.പിയിലേക്കു പോകുന്നു എന്നര്‍ത്ഥമുണ്ടോയെന്നും സുനില്‍ കുമാര്‍ ചോദിക്കുന്നു. തൃശൂരില്‍ നല്ല മാര്‍ജിനില്‍ വിജയിക്കുമെന്ന പ്രതീക്ഷയുണ്ട്. പോളിംഗ് ശതമാനം കുറഞ്ഞത് തനിക്ക് ദോഷം ചെയ്യില്ല. ഇത് ഇടതിനേ ഗുണചെയ്യൂവെന്നും വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു.
പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന ഇ പിയുടെ വെളിപ്പെടുത്തല്‍ സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഓരോ നേതാക്കളും പ്രതികരിക്കുന്നുണ്ട്. അകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രതികരണങ്ങള്‍ അടങ്ങണമെങ്കില്‍ പാര്‍ട്ടി തീരുമാനം വരണം. തിങ്കളാഴ്ച നടക്കുന്ന പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളുണ്ടാകും. സംസ്ഥാനതലത്തില്‍ ആദ്യം പ്രശ്‌നം ചര്‍ച്ച ചെയ്യും, ഇതിന് ശേഷം കേന്ദ്ര നേതൃത്വം വിഷയം പരിശോധിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. തത്ക്കാലം വിവാദം അവസാനിപ്പിക്കാന്‍ ഇടതു മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും ഇപിയെ മാറ്റി നിര്‍ത്താനാകും സിപിഎം നേതൃത്വം ശ്രമിക്കുക.
തന്റെ സാന്നിധ്യത്തില്‍ പ്രകാശ് ജാവദേക്കര്‍ ഇപി ജയരാജനെ കണ്ടുവെന്നായിരുന്നു ദല്ലാള്‍ നന്ദകുമാറിന്റെ വെളിപ്പെടുത്തല്‍. തൃശ്ശൂരില്‍ ഇടതുമുന്നണി സഹായിച്ചാല്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ കഴിയുമെന്ന് ജാവദേക്കര്‍ ഇപിയോട് പറഞ്ഞു. പകരം എസ്എന്‍സി ലാവലിന്‍ കേസ്, സ്വര്‍ണ്ണക്കടത്ത് കേസ് എന്നിവ സെറ്റില്‍ ചെയ്ത് തരാം എന്ന് ഉറപ്പ് കൊടുത്തുവെന്നും എന്നാല്‍ ഇപി സമ്മതിച്ചില്ലെന്നുമായിരുന്നു ദല്ലാളിന്റെ വെളിപ്പെടുത്തല്‍.
പിന്നാലെ തന്നെ മകന്റെ വീട്ടില്‍ വന്ന് ജാവദേക്കര്‍ കണ്ടിരുന്നുവെന്ന് ഇപി ജയരാജനും സമ്മതിച്ചു. മകന്റെ കുട്ടിയുടെ പിറന്നാള്‍ ദിവസമാണ് വന്നു കണ്ടത്. ഇതുവഴി പോയപ്പോള്‍ കയറിയെന്നായിരുന്നു പറഞ്ഞത്. രാഷ്ട്രീയം സംസാരിക്കാന്‍ താല്‍പര്യമില്ലെന്ന് താന്‍ അവരെ അറിയിച്ചുവെന്നുമായിരുന്നു ഇപിയുടെ പ്രതികരണം. തെരഞ്ഞെടുപ്പ് ദിനത്തില്‍ നടന്ന തുറന്ന് പറച്ചില്‍ വലിയ ചര്‍ച്ചയായി.