ഇനി മുപ്പത്തിയെട്ട് ദിവസത്തെ കാത്തിരിപ്പാണ് മടുപ്പിക്കുന്നത്. വോട്ട്, പെട്ടിയില്‍ വീണതോടെ സ്ഥാനാര്‍ത്ഥികളും മുന്നണികളും പ്രചാരണത്തിനും, വോട്ടു തേടിയുള്ള അലച്ചിലിനും വിരാമമിട്ടിരിക്കുകയാണ്. ഇനി കണക്കു കൂട്ടലുകളുടെയും കുറയ്ക്കലുകളുടേയും ദിവസങ്ങള്‍. മിനിട്ടുകള്‍ക്കു പോലും വിലയുണ്ടായിരുന്ന ദിവസങ്ങളായിരുന്നു കഴിഞ്ഞു പോയത്. ഓരോ വോട്ടറെയും കാണാന്‍, ഓരോ ബൂത്തുകളിലും ഓടിയോടി എത്താന്‍ സ്ഥാനാര്‍ത്ഥികള്‍ കാട്ടിയ ഉന്‍മേഷമെല്ലാം ഇന്ന് ചോര്‍ന്നു പോയിരിക്കുന്നു.
ശരീരത്തെയും പ്രായത്തെയും തോല്‍പ്പിച്ച ഓട്ടമായിരുന്നു കഴിഞ്ഞു പോയത്. ജനാധിപത്യ ഉത്സവത്തിന്റെ ദിനങ്ങള്‍. എന്നിട്ടും കോരളത്തിന്റെ പോളിംഗ് ശതമാനം കുറഞ്ഞു തന്നെയാണിരിക്കുന്നത്. നാല്പത് ദിവസത്തെ ആവേശകരമായ പ്രചാരണത്തിനു ശേഷമാണ് കേരളം പോളിംഗ് ബൂത്തിലേക്ക് എത്തിയതെന്ന് ഓര്‍ക്കണം. ആ ആവേശമൊന്നും പോളിംഗില്‍ കണ്ടില്ല എന്നതാണ് കഷ്ടം.
ഇത് എല്ലാ മുന്നണികളെയും ആശങ്കയിലാക്കിയിട്ടുമുണ്ട്. ജൂണ്‍ നാലിന് അറിയാന്‍ കഴിയും ആര് വാഴും ആരൊക്കെ വീഴുമെന്ന്. രാത്രി ഏറെ വൈകിയാണ് പല സ്ഥലങ്ങളിലും പോളിംഗ് അവസാനിച്ചത്. എന്നാല്‍ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 71.16 ശതമാനമാണ് പോളിംഗ്. കഴിഞ്ഞ തവണ 77.68 ശതമാനം പോളിംഗ് ഉണ്ടായിരുന്നു. ഇതാണ് ഇത്തവണ കുറഞ്ഞിരിക്കുന്നത്.
തെരഞ്ഞെടുപ്പു കമ്മിഷന്‍ ഇന്നു രാവിലെ അപ്‌ഡേറ്റു ചെയ്ത കണക്കു പ്രകാരമാണിത്. തിരുവനന്തപുരം-66.46 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ആറ്റിങ്ങല്‍-69.40, കൊല്ലം-68.09, പത്തനംതിട്ട-63.35, മാവേലിക്കര-65.91, ആലപ്പുഴ-74.90, കോട്ടയം-65.60, ഇടുക്കി-66.53, എറണാകുളം-68.27, ചാലക്കുടി-71.84, തൃശൂര്‍-72.79, പാലക്കാട്-73.37, ആലത്തൂര്‍-73.20, പൊന്നാനി-69.21, മലപ്പുറം-72.90, കോഴിക്കോട്-75.42, വയനാട്-73.48, വടകര-78.08, കണ്ണൂര്‍-76.92, കാസര്‍ഗോഡ്-75.94 ശതമാനവുമാണ് മണ്ഡലാടിസ്ഥാനത്തില്‍.
സംസ്ഥാനത്താകെ 2,77,49,159 വോട്ടര്‍മാരാണുള്ളത്. വോട്ട് ചെയ്തവര്‍-1,97,48,764 ( 71.16 ശതമാനവും). ആകെ വോട്ട് ചെയ്ത പുരുഷന്മാര്‍-94,67,612(70.57 ശതമാനം), ആകെ വോട്ട് ചെയ്ത സ്ത്രീകള്‍-1,02,81,005(71.72 ശതമാനം), ആകെ വോട്ട് ചെയ്ത ട്രാന്‍സ് ജെന്‍ഡര്‍-147 (40.05 ശതമാനം) വോട്ടു ചെയ്തത്. വിവിധ കാരണങ്ങള്‍ പോളിംഗ് കുറയാന്‍ ഇടയാക്കിയിട്ടുണ്ടാകാം. എങ്കിലും ശക്തമായ മത്സരം നടന്ന വടകര പോലുള്ള മണ്ഡലങ്ങളില്‍ പോളിംഗ് കുറഞ്ഞത് മുന്നണികളെ ആശങ്കയിലാക്കിയിട്ടുണ്ട്.
എങ്കിലും അന്തിമ കണക്കുകള്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ പരിശോധിച്ച് പുറത്തു വിടും. പക്ഷെ, വന്‍ പ്രചാരണം നടന്നിട്ടും പോളിംഗ് കുറഞ്ഞത് മുന്നണികളെ ഞെട്ടിച്ചിട്ടുണ്ട്. 2004 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഏറ്റവും കുറവ് പോളിംഗാണ് ഇന്നലെ രേഖപ്പെടുത്തിയത്. 2004 – 71.43 ശതമാനം, 2009 -73.20 ശതമാനം, 2014 – 73.94 ശതമാനം, 2019 – 77.68 എന്നിങ്ങനെയായിരുന്നു സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് ശതമാനം.
ഇതില്‍ ഏറ്റവും കുറവ് പോളിംഗ് നടന്ന 2004ല്‍ കേരളത്തില്‍ ഇടത് തരംഗമായിരുന്നു. 71.43 ശതമാനം വോട്ടിംഗ് രേഖപ്പെടുത്തിയ 2004ല്‍ 18 സീറ്റുകളും ഇടതുപക്ഷത്തിന് ഒപ്പമായിരുന്നു. യുഡിഎഫിന് ലഭിച്ചത് രണ്ട് സീറ്റുകള്‍ മാത്രം. എന്നാല്‍ 2009ല്‍ 73.20 ശതമാനം വോട്ട് രേഖപ്പെടുത്തിയപ്പോള്‍ ഇടതുപക്ഷത്തിന് ലഭിച്ചത് വെറും നാല് സീറ്റുകള്‍.
യുഡിഎഫ് 16 സീറ്റുകളുമായി തിരിച്ചുവന്നു. 2014ല്‍ 73.94 ശതമാനം വോട്ടുകള്‍ പെട്ടിയില്‍ വീണപ്പോഴും മേല്‍ക്കൈ യുഡിഎഫിന്. 12 സീറ്റുകളാണ് അന്ന് കോണ്‍ഗ്രസ് നയിച്ച മുന്നണിയ്ക്ക് ലഭിച്ചത്. മുന്‍വര്‍ഷത്തില്‍ നിന്ന് നില മെച്ചപ്പെടുത്തിയ എല്‍ഡിഎഫ് എട്ടിടത്തും വിജയിച്ചു. പോളിംഗ് ശതമാനം 77.68 ഉയര്‍ന്ന 2019ല്‍ 19 സീറ്റുകളും യുഡിഎഫിനായിരുന്നു ലഭിച്ചത്. എല്‍ഡിഎഫ് പാനലില്‍ മത്സരിച്ചവരില്‍ ജയിച്ചത് ഒരാള്‍ മാത്രമാണ്.