തിരുവനന്തപുരത്തെ രുചികൾക്കെല്ലാം കൂടി വഴി തെറ്റി ജോണി ചേട്ടന്റെ അടുക്കളയിലേക്ക് കയറിയതാകാനേ വഴിയുള്ളു. ഓരോ വിഭവത്തിനും തനതു രുചി. ശരിക്കും ഈ കടയിലേക്ക് പോകുന്ന വഴി മുതൽ നമ്മൾ ആസ്വദിച്ച് തുടങ്ങും. കാരണം വഴികളുടെ ഇരു വശവും ഇരുള് മൂടിയ കാടാണ്. മരച്ചീനിയും, റബ്ബറും, വാഴയുമൊക്കെ വച്ച വയലുകളാണ് ഇരുവശവും. അകത്തോട്ട് കയറി കഴിഞ്ഞാൽ കാടും കാണാം.
നാവിലെ എല്ലാ രുചി മുകുളങ്ങളെയും ഉണർത്തുവാൻ നമ്മൾ കയറി ചെല്ലുന്നത് കണ്ണൂർ കോണം നാടൻ ഫുഡ് കോർട്ടിലേക്കാണ്. കാട്ടാക്കട വെള്ളറട റോഡ് ഭാഗത്താണ് ഈ റെസ്റ്റോറന്റ് സ്ഥിതി ചെയ്യുന്നത്. ഒരേ സമയത്തു 40 പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്.
ഹോട്ടലിനോട് അടുത്തായി മറ്റൊരു ഭാഗത്താണ് പാചകം ചെയ്യുന്നത്. പ്രധാനപ്പെട്ട വിഭവങ്ങളെല്ലാം വിറകടുപ്പിലാണ് പാചകം ചെയ്യുന്നത്. പച്ചവെളിച്ചെണ്ണയാണ് ഉപയോഗിക്കുന്നത്. തലേന്ന് ഉപയോഗിച്ച വെളിച്ചെണ്ണ പിന്നീട് ഉപയോഗിക്കില്ല എന്നാണ് കുക്ക് ആയ വസന്ത ചേച്ചി പറയുന്നത്. പാചകം ചെയ്യുന്നിടവും, ഹോട്ടലുമെല്ലാം മികച്ച അനുഭവമാണ് ഭക്ഷണ പ്രേമികൾക്ക് നൽകുന്നത്. പണ്ടത്തെ ഗ്രാമങ്ങളിലുണ്ടായിരുന്ന ഷാപ്പുകൾ പോലെയും, ചെറുപ്പം മുതൽ ഓർമ്മയിൽ നിന്നും മായാതെ കിടക്കുന്ന നാട്ടിൻ പുറത്തെ കടകൾ പോലെയും നമുക്കിവിടം അനുഭവപ്പടും.
ഏകദേശം 16 വിഭവങ്ങളാണ് ഇവിടെയുള്ളത്. നാടൻ കോഴി, വാങ്കോഴി, താറാവ്, കാട, മുയൽ, പോത്ത്, ആട്, പന്നി, ഊണ്, കപ്പ, ദോശ, പുട്ട്, പൊറോട്ട, ചപ്പാത്തി, ഇടിയപ്പം, റൊട്ടി എന്നിവയാണ് മെനുവിലുള്ള ഭക്ഷണങ്ങൾ. രാവിലെ 6 മണി മുതൽ 11 മണിവരെയാണ് കട പ്രവർത്തിക്കുന്നത്. 15 വര്ഷത്തോളമുണ്ട് കടയുടെ പാരമ്പര്യം. 6 മണിക്ക് ഇരുവശവുമുള്ള മഞ്ഞൊക്കെ കടന്നു കടയിലേക്ക് വന്നാൽ നല്ലൊരു ചായയും സ്വീറ്റ് പൊറോട്ടയും കിട്ടും. അതിനു പുറമെ ഉഴുന്ന് വട, വെട്ടു കേക്ക് എന്നിവയും ലഭിക്കും.
ബ്രേക്ക് ഫാസ്റ്റ് ആയിട്ട് ദോശ, ഇടിയപ്പം, പൊറോട്ട എന്നിവയാണ് കഴിക്കാൻ നൽകുന്നത്. ഒപ്പം മുട്ടക്കറി മാത്രം പ്രതീക്ഷിച്ചാൽ മതി. 7 മണിക്ക് ശേഷം മാത്രമേ ഇറച്ചി വിഭവങ്ങൾ തയാറാവുകയുള്ളു. ഇറച്ചി കറികൾ വിളമ്പാനായി തയ്യാറാകുന്നതും തീരുന്നതും ഒരുമിച്ചായിരിക്കും. അത്രയ്ക്കും ആരാധകരാണ് ഈ കടയ്ക്കുള്ളത്. ഇവിടുത്തെ എല്ലും കപ്പയ്ക്കും പ്രത്യക ഫാൻ ബേസ് ഉണ്ട്. ‘എല്ലും കപ്പ പൊളിയാണ്’ എന്നായിരുന്നു കഴിക്കാൻ ഇരുന്ന മിക്കവരുടെയും അഭിപ്രായം
വലിയൊരു വാഴയിലയാണ് മുന്നിലേക്ക് ഇടുന്നത്. ഇത്രയും വിഭവങ്ങളുടെ രുചി നോക്കണമെങ്കിൽ വലിയ ഇല തന്നെ വേണം. ചിക്കൻ കറി, പോത്ത് ലിവർ ഫ്രൈ, ബീഫ് പെരട്ട്,താറാവ് പെരട്ട്,വാങ്കോഴി(ടർക്കി), കാട ഫ്രൈ, മുയൽ തോരൻ,എല്ലും കപ്പ, ചോറ് തുടങ്ങി വിഭവങ്ങൾ അങ്ങനെ ഇലയിൽ നിറഞ്ഞു. ഒരു വിഭവത്തിനും അധിക എണ്ണയോ, എരിവോ തോന്നിയില്ല. ഒന്നും കഴിക്കുന്നവരെ നിരാശപ്പെടുത്തുകയില്ല.
ഭൂരിപക്ഷ അഭിപ്രായം പോലെ എല്ലും കപ്പയ്ക്ക് ഗംഭീര രുചിയായിരുന്നു. നല്ലതു പോലെ ഉടഞ്ഞു ചേർന്ന എല്ലും കപ്പ കഴിച്ചുകൊണ്ടിരിക്കാൻ തോന്നുന്ന വിഭവമാണ്. ബീഫ് പെരട്ടും ഉറപ്പായും രുചിച്ചു നോക്കേണ്ട ഒന്നാണ്.മുയൽ തോരനും, പോത്ത് പെരട്ടും രുചിയിൽ പിറകിലല്ല.വാങ്കോഴിക്ക് ആവശ്യക്കാർ കൂടുതലെന്നാണ് ജോണി ചേട്ടൻ പറഞ്ഞത്. എന്തായാലും വെറൈറ്റി ആയിട്ടു ഭക്ഷണം കഴിക്കാൻ തോന്നുമ്പോൾ കൂട്ടുകാരുമൊത്തോ, കുടുംബമായിട്ടോ പോകാൻ കഴിയുന്ന സ്ഥലമാണിത്. തിരുവനന്തപുരത്തുള്ളവർ ഒരു വട്ടമെങ്കിലും ഇവിടേക്ക് പോകണം.
ശ്രദ്ധിക്കേണ്ട കാര്യം എല്ലാ ദിവസവും ഒരേ വിഭവങ്ങൾ ലഭിക്കണമെന്നില്ല. പോകുന്നതിനു മുൻപായി വിളിച്ചു ചോദിക്കുന്നത് നന്നായിരിക്കും.
ബന്ധപ്പെടേണ്ട നമ്പർ: 9497155132