വിപണിയിൽ മത്സരം കടുത്തപ്പോൾ സേഫ്റ്റി ഗ്യാരണ്ടിയായി നൽകി വെന്യു

വാഹനവിപണിയിൽ മത്സരങ്ങൾ കനക്കുമ്പോൾ മാറ്റങ്ങൾ കൊണ്ടുവന്ന് ജനപ്രിയമാക്കുവാണ് എല്ലാ വാഹനങ്ങളും. ഇന്ത്യയിലെ കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിലെ ടെക്കിയാണ് ഹ്യുണ്ടായി വെന്യു. വന്നകാലം മുതൽ അത്യാധുനിക ഫീച്ചറുകളാൽ സമ്പന്നമായ വാഹനം ഇന്നും അതേ നിലവാരം തന്നെയാണ് പുലർത്തുന്നത്.

അടിക്കടി മോഡലിൽ കൊണ്ടുവരുന്ന പരിഷ്ക്കാരങ്ങളും കൂടിയാവുമ്പോൾ സംഭവം കളറാവുന്നുണ്ട്. പണ്ട് മത്സരിക്കാൻ ഒരു മാരുതി ബ്രെസ മാത്രമാണുണ്ടായിരുന്നതെങ്കിൽ ഇന്ന് പ്രമുഖ കമ്പനികളെല്ലാം ഇറങ്ങിയ വിഭാഗത്തിൽ മത്സരം കടുപ്പമാണ്. വാഹനപ്രേമികൾ സുരക്ഷകൂടി കൂടുതൽ നോക്കുന്നുണ്ടെന്ന് അറിയാവുന്ന ഹ്യൂണ്ടായ് അക്കാര്യത്തിൽ ഊന്നൽ നൽകിക്കൊണ്ടാണ് വെന്യുവിനെ അവതരിപ്പിക്കുന്നത്.

കൂടുതൽ ആളുകളും സേഫ്റ്റി നോക്കി വാഹനം വാങ്ങുമ്പോൾ ഇക്കാര്യത്തിൽ കൂടുതൽ ഊന്നൽ കൊടുത്ത് വെന്യുവിലേക്ക് ADAS വരെ അവതരിപ്പിക്കാൻ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾക്കായി. 4 മീറ്ററിൽ താഴെയുള്ള വാഹനങ്ങൾ ആധിപത്യം പുലർത്തുന്ന ഒരു വിപണിയിൽ, താങ്ങാനാവുന്ന വിലയിൽ വിട്ടുവീഴ്ച ചെയ്യാതെ സുരക്ഷ ഉറപ്പാക്കുന്നത് ഒരു വെല്ലുവിളിയായിരുന്നു.

ഇതിനെ മറികടക്കാൻ ഹ്യുണ്ടായിക്കായത് കൈയടി അർഹിക്കുന്ന കാര്യമാണ്. ഗ്രാൻഡ് i10 നിയോസ്, ഓറ, എക്സ്റ്റർ തുടങ്ങിയ എൻട്രി ലെവൽ കാറുകളിൽ ഉൾപ്പെടെ 6 എയർബാഗുകൾ സ്റ്റാൻഡേർഡ് ഫീച്ചറായി അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ മുഖ്യധാരാ കാർ നിർമാതാവായി പേരെടുക്കാനും ഹ്യുണ്ടായിക്കായി. സുരക്ഷിതത്വത്തോടുള്ള ഈ പ്രതിബദ്ധത എന്തായാലും ആളുകൾ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നതിലും സംശയമൊന്നും വേണ്ട.

അപകടങ്ങളിൽ എയർബാഗുകൾ നിർണായകമായ ക്രാഷ് സംരക്ഷണം നൽകുമ്പോൾ ഹ്യുണ്ടായി തങ്ങളുടെ വാഹനങ്ങളിൽ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം സംയോജിപ്പിച്ച് ഒരുപടി കൂടി മുന്നോട്ട് പോകുന്നു. ADAS വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ സബ്-4 മീറ്റർ എസ്‌യുവിയാണ് വെന്യു. ഇപ്പോൾ ടോപ്പ് വേരിയന്റിൽ മാത്രമാണ് ഈ സേഫ്റ്റി ഫീച്ചർ കിട്ടുന്നതെങ്കിലും ഇ, എസ്, എസ് (O), S പ്ലസ്, SX, SX (O) എന്നിങ്ങനെ എല്ലാ വേരിയന്റുകളിലും 6 എയർബാഗുകൾ സ്റ്റാൻഡേർഡാണ്.

6 എയർബാഗുകൾക്ക് പുറമെ ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), സീറ്റ് ബെൽറ്റ് റിമൈൻഡർ, ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ട്, ഇബിഡിയുള്ള എബിഎസ്, ബ്രേക്ക് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹിൽ ഹോൾഡ് കൺട്രോൾ, റിയർ പാർക്കിംഗ് ക്യാമറ, സെൻസറുകൾ, ട്രാക്ഷൻ കൺട്രോൾ, എന്നീ സേഫ്റ്റി ഫീച്ചറുകൾ ഹ്യുണ്ടായി വെന്യുവിൽ ഇപ്പോൾ സ്റ്റാൻഡേർഡായി തന്നെ കിട്ടും.

10.32 ലക്ഷം രൂപ മുതൽ 12.44 ലക്ഷം രൂപ വരെയാണ് ADAS ഉള്ള വെന്യുവിന് ഇന്ത്യയിൽ വരുന്ന എക്സ്ഷോറൂം വില. കോംപാക്‌ട് എസ്‌യുവിയുടെ S(O), SX (O) വേരിയന്റുകൾക്കൊപ്പവും N ലൈനിലെ N6, N8 എന്നീ വേരിയന്റുകൾക്കൊപ്പവുമാണ് ഇവ അവതരിപ്പിച്ചിരിക്കുന്നത്. സ്മാർട്ട്സെൻസ് എന്നറിയപ്പെടുന്ന ഹ്യുണ്ടായിയുടെ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സ്യൂട്ട് (ADAS) സുരക്ഷാ ഫീച്ചറുകളുടെ സമഗ്രമായ നിരയാണ് വെന്യുവിൽ അവതരിപ്പിക്കുന്നത്.

ഫോർവേഡ് കൊളീഷൻ വാർണിംഗ്, ഫോർവേഡ് കൊളീഷൻ അവോയ്ഡൻസ് അസിസ്റ്റ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ്, ഡ്രൈവർ അറ്റേൻഷൻ വാർണിംഗ്, ലെയ്ൻ ഫോളോവിംഗ് അസിസ്റ്റ്, ഹൈ ബീം അസിസ്റ്റ്, ലീഡിംഗ് വെഹിക്കിൾ ഡിപ്പാർച്ചർ അലേർട്ട് എന്നീ സവിശേഷതകളെല്ലാമാണ് ഹ്യുണ്ടായിയുടെ ADAS സേഫ്റ്റി ഫീച്ചറിൽ വാഗ്‌ദാനം ചെയ്‌തിട്ടുള്ളത്. സുരക്ഷക്ക് പുറമെ പെർഫോമൻസിലും മിടുക്കനാണെന്ന കാര്യം എടുത്ത് പറയേണ്ടതില്ലല്ലോ.

1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ലിറ്റർ ഡീസൽ, 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണ് വെന്യുവിന് കരുത്തേകുന്നത്. ഗിയർബോക്‌സ് ഓപ്ഷനിലേക്ക് നോക്കിയാൽ അഞ്ച് സ്പീഡ് മാനുവൽ, ആറ് സ്പീഡ് മാനുവൽ, ഏഴ് സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് എന്നിവയാണ് ഹ്യുണ്ടായി വെന്യുവിൽ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാനാവുന്നത്. നിലവിൽ 7.94 ലക്ഷം രൂപ മുതൽ 13.48 ലക്ഷം രൂപ വരെയാണ് എസ്‌യുവിക്ക് വില വരുന്നത്.

ഇങ്ങനെ മൊത്തത്തിൽ നോക്കുമ്പോൾ മാരുതി സുസുക്കി വിറ്റാര ബ്രെസയും ടാറ്റ നെക്സോണും അടക്കി ഭരിച്ചിരുന്ന സെഗ്മെന്റിൽ കൂടുതൽ പരിഗണന ലഭിക്കേണ്ട കാറാണ് വെന്യു. മികച്ച രീതിയിൽ വിൽപ്പന മുന്നോട്ട് പോവുന്നുണ്ടെങ്കിലും ഇനിയും ഉയരങ്ങൾ താണ്ടാനുള്ള കഴിവ് വണ്ടിക്കുണ്ട്. ഈ രണ്ട് കേമൻമാർക്ക് പുറമെ കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിൽ കിയ സോനെറ്റ്, നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ, ടാറ്റ പഞ്ച് പോലുള്ള കേമൻമാരിൽ നിന്നും വെന്യുവിന് മത്സരം നേരിടേണ്ടി വരുന്നുണ്ട്.