ശരീരത്തില്‍ ആവശ്യത്തിന് ഇൻസുലിൻ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കപ്പെടാത്ത അവസ്ഥയുണ്ടാവുകയോ, അല്ലെങ്കില്‍ ഇൻസുലിൻ ഹോര്‍മോണ്‍ വേണ്ടവിധം ഉപയോഗിക്കാൻ സാധിക്കാത്ത അവസ്ഥയുണ്ടാവുകയോ ചെയ്യുന്നത് മൂലം രക്തത്തില്‍ ഗ്ലൂക്കോസ് നില ഉയരുന്നത് മൂലമാണ് പ്രമേഹമുണ്ടാകുന്നത്.
ഭൂരിഭാഗം കേസുകളിലും പ്രമേഹം ചികിത്സയിലൂടെ ഭേദപ്പെടുത്താൻ സാധിക്കില്ല. ഭക്ഷണമടക്കമുള്ള ജീവിതരീതികളിലൂടെ ഇതിനെ നിയന്ത്രിച്ച് മുന്നോട്ടുപോവലാണ് അങ്ങനെ വരുമ്പോള്‍ ഏക പരിഹാരമാര്‍ഗം.
പ്രമേഹമുള്ളവരാണെങ്കില്‍ ഇത് ഇടയ്ക്കിടെ പരിശോധിച്ച് ആരോഗ്യം സുരക്ഷിതമാണോ എന്നത് ഉറപ്പിക്കേണ്ടതുണ്ട്. കാരണം പ്രമേഹം ക്രമേണ മറ്റ് പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമായി വരാറുണ്ട്. അമിതമായ ദാഹം, ഇടവിട്ട് മൂത്രമൊഴിക്കല്‍, തളര്‍ച്ച, കാഴ്ചാശക്തിയില്‍ മങ്ങല്‍, പെട്ടെന്ന് ശരീഭാരം കുറയല്‍ എന്നിങ്ങനെയുള്ള പ്രയാസങ്ങളെല്ലാം പ്രമേഹമുള്ളവരില്‍ പിന്നീട് വരാം.
ലക്ഷണങ്ങൾ എന്തെല്ലാം
പ്രമേഹം കൂടുമ്പോള്‍ ഇത് കണ്ണിലെ റെറ്റിനയെന്ന ഭാഗത്തെ രക്തക്കുഴലുകളെ ബാധിക്കാം. ഇത് മൂലം കാഴ്ച മങ്ങല്‍, തിമിരം, ഗ്ലൂക്കോമ, ഡയബെറ്റിക് റെറ്റിനോപ്പതി പോലുള്ള രോഗങ്ങള്‍ പിടിപെടാം. ഡയബെറ്റിക് റെറ്റിനോപ്പതി എന്നാല്‍ റെറ്റിനയില്‍ പല മാറ്റങ്ങളും സംഭവിക്കുന്ന അവസ്ഥയാണ്. ചിലര്‍ക്ക് വെളിച്ചം കാണുമ്പോള്‍ പോലും പ്രശ്നമുണ്ടാകാം ഈ സന്ദര്‍ഭഗത്തില്‍. കാഴ്ച മങ്ങല്‍ തന്നെയാണ് പ്രധാന സൂചനയായി വരിക. ഈ ലക്ഷണം കണ്ടാല്‍ ആദ്യമേ ചെയ്യുന്ന പരിശോധനകളില്‍ പ്രമേഹവും ഉള്‍പ്പെടുത്തുക.
പ്രമേഹമുള്ളവരില്‍ അത് കാലുകളെ ബാധിക്കാമെന്നത് പലര്‍ക്കുമറിയാം. കാലുകളിലേക്കുള്ള രക്തയോട്ടം കുറയുന്നത് മൂലം കാലില്‍ എന്തെങ്കിലും മുറിവുകളോ പരുക്കുകളോ വന്നാല്‍ അത് ഭേദമാകാതിരിക്കുക, ഭേദമാകാൻ സമയമെടുക്കുക, സ്പര്‍ശനശേഷിയില്‍ വ്യത്യാസം എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ കാണുന്നപക്ഷം പെട്ടെന്ന് തന്നെ പ്രമേഹം പരിശോധിക്കേണ്ടതാണ്.
പ്രമേഹം മോണയില്‍ വരുന്ന വ്യത്യാസങ്ങളിലൂടെയും മനസിലാക്കാവുന്നതാണ്. മോണരോഗം എന്നറിയപ്പെടുന്ന പെരിയോഡോണ്ടല്‍ ഡിസീസ് ആണ് പ്രധാനമായും പ്രമേഹമുള്ളവരുടെ മോണയെ ബാധിക്കുന്ന രോഗം. സാധാരണഗതിയില്‍ രക്തക്കുഴലുകള്‍ കട്ടിയായി പോകുന്ന അവസ്ഥ മൂല മോണയിലേക്കുള്ള രക്തയോട്ടം കുറയുന്നതോ തടസപ്പെടുന്നതോ ചെയ്യുന്നതോടെയാണ് മോണരോഗമുണ്ടാകുന്നത്.
ഷുഗര്‍ കൂടുമ്പോള്‍ വായ്ക്കകത്തെ ബാക്ടീരിയകളും വര്‍ധിക്കാം. ഇതും മോണരോഗത്തിന് അനുകൂലമായ സാഹചര്യമുണ്ടാക്കുന്നു. വായില്‍ നിന്ന് രക്തസ്രാവം, മോണയില്‍ വേദന, ‘സെൻസിറ്റീവ്’ ആവുക എന്നിങ്ങനെയുള്ള പ്രയാസങ്ങളാണ് മോണരോഗത്തിന്‍റെ ലക്ഷണങ്ങളായി വരിക.
പ്രമേഹം അധികരിക്കുമ്പോള്‍ അത് പല അവയവങ്ങളെ ബാധിക്കുമെന്ന് പറഞ്ഞുവല്ലോ. മോണയും കാലുകളും കണ്ണുകളുമെല്ലാം അക്കൂട്ടത്തില്‍ ചിലത് മാത്രം. വൃക്കകള്‍, ഹൃദയം, രക്തക്കുഴലുകള്‍, നാഡികള്‍ എല്ലാം ഇത്തരത്തില്‍ ബാധിക്കപ്പെടാം