ചിരി പടർത്തി വിൻ സി. അലോഷ്യസിന്റെ ട്രക്കിങ് വിഡിയോ. വ്ലോഗർ ഷാമോനും (അഖിൽ ഷാ) മറ്റു സുഹൃത്തുക്കൾക്കും ഒപ്പം വിൻസി നടത്തിയ ‘സാഹസിക’ യാത്രയിലെ രസകരമായ നിമിഷങ്ങളാണ് പ്രേക്ഷകർക്ക് ചിരി നിമിഷങ്ങൾ സമ്മാനിച്ചത്. യാത്രയ്ക്കിടയിൽ പല തവണ വാഹനത്തിലും വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിന് ഇടയിൽ കാൽതെറ്റി വെള്ളത്തിലും വീഴുന്ന വിൻ സി.യെ കണ്ട് ആരാധകരിൽ ചിലർ ചോദിച്ചു, ‘വിൻ സി. ഇപ്പോഴും ജീവനോടെ ഉണ്ടോ?
വിൻ സി.യുടെ ഇൻസ്റ്റഗ്രാം പ്രൊഫൈൽ പേരിനെ ട്രോളിക്കൊണ്ടാണ് ഷാമോൻ വിഡിയോ പോസ്റ്റ് ചെയ്തത്. ‘വിൻ’സി (WinC) ‘ഫെയിൽ’സി (FailC) ആണെന്നു സൂചിപ്പിച്ചായിരുന്നു ഷാമോൻ വിഡിയോയ്ക്ക് അടിക്കുറിപ്പ് കൊടുത്തത്. ഇസുസു പിക്കപ്പിലായിരുന്നു വിൻ സി.യുടെയും ഷാമോന്റെയും യാത്ര.
പിക്കപ്പിനു പിന്നിൽ നിന്നുകൊണ്ട് വിഡിയോയ്ക്ക് പോസ് ചെയ്ത വിൻസി പല തവണ ബാലൻസ് തെറ്റി വീഴുന്നുണ്ട്. ഇതിനെല്ലാം രസകരമായ ഡയലോഗുകളാണ് വിഡിയോയിൽ ഉൾച്ചേർത്തിരിക്കുന്നത്. പാമ്പിന്റെ ഉറ കണ്ടു ഞെട്ടിയോടുന്ന വിൻസി പ്രേക്ഷകരിലും ചിരി പടർത്തി.
രസകരമായ കമന്റുകളാണ് വിഡിയോയ്ക്കു ലഭിക്കുന്നത്. നിറത്തിലെ ജോമോളെ തോൽപ്പിച്ചു കളഞ്ഞല്ലോ വിൻ സി. എന്നാണ് ഒരു കമന്റ്. വിൻ സി. ഇപ്പോഴും ജീവിച്ചിരിക്കുന്നത് ഭാഗ്യമാണെന്നും ആരാധകർ പറയുന്നു. ‘വിൻ’സി, ‘ഫെയിൽ’സി അല്ല ‘ഫൺ’സി ആണെന്നാണ് മറ്റൊരു ആരാധകന്റെ കണ്ടെത്തൽ.