കണ്ണിന് ചുറ്റുമുള്ള കറുപ്പ് ഇന്ന് മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ്. ക്ഷീണം, ഉറക്കക്കുറവ്, നിർജലീകരണം, അമിതമായ സ്‌ക്രീൻ ഉപയോഗം എന്നിങ്ങനെ പല കാരണങ്ങൾ കൊണ്ട് കണ്ണിന് ചുറ്റും കറുപ്പ് ഉണ്ടാകാം. ചില പ്രകൃതിദത്ത മാർഗങ്ങളിലൂടെ തന്നെ കണ്ണിന് ചുറ്റുമുള്ള കറുപ്പ് എളുപ്പം അകറ്റാം.
ആന്റിഓക്‌സിഡന്റുകളും ധാരാളം ടാന്നിനുകളും അടങ്ങിയ ഗ്രീൻ ടീ ബാഗുകൾ വീക്കം കുറയ്ക്കുകയും കണ്ണുകൾക്ക് ചുറ്റുമുള്ള കറുപ്പ് കുറയ്ക്കുന്നതിനും സഹായിക്കുന്നു. രണ്ട് ഗ്രീൻ ടീ ബാഗുകൾ നനച്ച് 20 മിനിറ്റ് ഫ്രിഡ്ജിൽ വയ്ക്കുക. ശേഷം 10-15 മിനുട്ട് കണ്ണിന് മുകളിൽ വയ്ക്കുക. ശേഷം കഴുകി കളയുക. ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന കഫീനും ആന്റിഓക്‌സിഡന്റ്‌സും കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം അകറ്റാൻ സഹായിക്കും.
ഉരുളക്കിഴങ്ങ് ചർമ്മസംരക്ഷണത്തിന് മികച്ചതാണ്. ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയ ഉരുളക്കിഴങ്ങ് കറുപ്പകറ്റാൻ സഹായിക്കുന്നു. ഉരുളക്കിഴങ്ങ് വട്ടത്തിൽ മുറിച്ചെടുത്ത് 10-15 മിനിറ്റ് നേരം കണ്ണിന് മുകളിൽ വയ്ക്കണം. ഉരുളക്കിഴങ്ങിൽ അടങ്ങിയിരിക്കുന്ന അന്നജം കറുപ്പ് നിറം മാറ്റാൻ വളരെ ഫലപ്രദമാണ്.
മറ്റൊരു ചേരുവയാണ് തക്കാളി. തക്കാളി പിഴിഞ്ഞ് അതിന്റെ നീര് എടുക്കണം. ശേഷം ഒരു പഞ്ഞി ഉപയോഗിച്ച് കണ്ണിന് ചുറ്റും ഇത് പുരട്ടണം. 10 മിനിറ്റിന് ശേഷം നീര് കഴുകി കളയുക. തക്കാളിയിലെ ലൈക്കോപീനും വിറ്റാമിൻ സി കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം മാറ്റാൻ സഹായിക്കുന്നു.
കണ്ണിന്റെ വീക്കവും വരൾച്ചയും കുറയ്ക്കാൻ സഹായിക്കുന്ന ഗുണങ്ങൾ കറ്റാർവാഴയിൽ അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങൾ പറയുന്നു. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ കറ്റാർവാഴ ജെൽ കണ്ണിന് ചുറ്റും പുരട്ടുന്നത് കറുപ്പ് മാറാൻ സഹായിക്കും.
പിന്നീട് ശ്രദ്ധിക്കേണ്ട കാര്യം കൃത്യമായ ഉറക്കമാണ്. നല്ലതു പോലെ ഉറങ്ങുകയും വെള്ളം കുടിക്കുകയും ചെയ്തില്ലെങ്കിൽ ചർമ്മത്തിൽ നിരവധി മാറ്റങ്ങളുണ്ടായേക്കും.