മസ്‌കത്ത്: മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ്. കഴിഞ്ഞ വർഷത്തെ കണക്കുകളെ അപേക്ഷിച്ചാണ് വർധനവ് റിപ്പോർട്ട് ചെയ്തത്. 2023 മാർച്ചിൽ വിമാനത്താവളം വഴി 954,905 പേരാണ് യാത്ര ചെയ്തത്. എന്നാൽ ഈ വർഷം മാർച്ചിൽ 7 ശതമാനം വർധിച്ച് 1,018,469 പേർ യാത്ര ചെയ്തു.
കൂടാതെ കഴിഞ്ഞ വർഷം ആദ്യ മൂന്ന് മാസങ്ങളിൽ 2,959,829 പേർ യാത്ര നടത്തിയപ്പോൾ ഈ വർഷം ആദ്യ മൂന്ന് മാസങ്ങളിൽ 3482,325 പേർ വിമാനത്താവളം വഴി യാത്ര നടത്തി. ഇത് യാത്രക്കാരുടെ എണ്ണത്തിൽ 17 ശതമാനം വർധനവാണ് കാണിക്കുന്നത്.
ഇതേ കാലയളവിൽ മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ സർവീസ് നടത്തിയ വിമാനങ്ങളുടെ എണ്ണത്തിലും വർധനവ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം 22,145 വിമാനമാണ് സർവീസ് നടത്തിയതെങ്കിൽ ഈ വർഷം 13.8 ശതമാനം വർധനവോടെ 25,204 വിമാനങ്ങൾ സർവീസ് നടത്തി. എന്നാൽ ഇതേ കാലയളവിൽ വിമാനത്താവളം വഴിയുള്ള ചരക്ക് നീക്കത്തിൽ 2 ശതമാനം ഇടിവ് രേഖപ്പെടുത്തി.
സലാല അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര നടത്തിയ മൊത്തം യാത്രക്കാരുടെ എണ്ണത്തിലും വർധനവാണ് പ്രകടമായത്. ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളിൽ 394,538 പേരാണ് വിമാനത്താവളം വഴി യാത്ര ചെയ്തത്. ഇത് കഴിഞ്ഞ വർഷത്തെ അതേ കാലയളവിനെ അപേകഷിച്ച് 6.7 ശതമാനം വർധനവാണ് കാഴ്ച്ചവെച്ചത്. വിമാന സർവീസുകളുടെ എണ്ണത്തിലും ഇതേ കാലയളവിൽ 5 ശതമാനംവർധനവ് സലാല അന്താരാഷ്ട്ര വിമാനത്താവളത്തിൽ രേഖപ്പെടുത്തി.