കോഴിക്കോട് വ്യാപാരിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം: കൈപ്പത്തി പിളർന്നു; രണ്ട് പേർ അറസ്റ്റിൽ

താമരശേരി കുടുക്കിലുമ്മാരത്ത് വ്യാപാരിയെ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പേർ പൊലീസ് പിടിയിലായി. താമരശേരി ചുടലമുക്ക് നട്ടൂർ വീട്ടിൽ പൂച്ച ഫിറോസ് എന്ന ഫിറോസ് ഖാൻ (34), കുടുക്കിലുമ്മാരം ആലപ്പടിമ്മൽ കണ്ണൻ ഫസൽ എന്ന ഫസൽ (29) എന്നിവരെയാണ് താമരശേരി ഡിവൈഎസ്പി എം.പി. വിനോദ് അറസ്റ്റ് ചെയ്തത്.

ഈ മാസം 18ന് നടന്ന സംഭവത്തിനു ശേഷം കർണാടകയിൽ ഒളിവിൽ കഴിഞ്ഞ പ്രതികൾ നാട്ടിലേക്ക് പണം സംഘടിപ്പിക്കാനായി വരുന്നതിനിടെയാണ് മുക്കം കളൻതോടു വച്ച് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവദിവസം ഉച്ചയ്ക്ക് ഇതേ കേസിൽ പിടിയിലാവാനുള്ള ചുരുട്ട അയ്യൂബിന്റെ ബന്ധുവിന്റെ വിവാഹവീട്ടിൽ വച്ച് പ്രതികൾ നാട്ടുകാരുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടിരുന്നു.

കൂടാതെ കഴിഞ്ഞ വർഷം കൂരിമുണ്ടയിൽ വച്ച് നാട്ടുകാരെ ആക്രമിച്ചതിനും പോലീസ് ജീപ്പ് തകർത്തതിനും ഇതേ സംഘത്തിനെതിരെ കേസ് നിലവിലുണ്ട്. സംഭവം അറിഞ്ഞു വന്ന വാടിക്കൽ ഇർഷാദ് എന്നയാളെയും അക്രമികൾ വെട്ടി പരുക്കേൽപ്പിച്ചിരുന്നു.

കഴിഞ്ഞയാഴ്ച വിവാഹ വീട്ടിൽവച്ച് നാട്ടുകാരുമായി വാക്കു തർക്കമുണ്ടാക്കിയ പ്രതികൾ വൈകിട്ട് ഏഴു മണിയോടെ  നവാസിനെ കടയിൽ കയറി വെട്ടുകയായിരുന്നു. കഴുത്ത് ലക്ഷ്യമാക്കിയ വെട്ട് തടഞ്ഞപ്പോൽ കൈപ്പത്തി രണ്ടായി പിളർന്നു. തുടർന്ന് നവാസ് ഓടി രക്ഷപെടുകയായിരുന്നു.

തുടർന്ന് നാട്ടുകാരായ മാജിദ്, ജവാദ്. അബ്ദുൽ ജലീൽ എന്നിവരുടെ വീടുകളിലും അക്രമം നടത്തിയ ശേഷം സ്ഥലത്തു നിന്നും രക്ഷപ്പെടുകയായിരുന്നു. പ്രതികളെല്ലാം കോഴിക്കോട് കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയ സംഘത്തിൽ പെട്ടവരാണ്.