മഞ്ഞുമൽ ബോയ്സ് എന്ന ചിത്രം കണ്ടതിന് ശേഷം ആരും അറിയാത്ത അപകടങ്ങൾ നിറഞ്ഞ ഗുഹകളുടെ കഥകൾ പുറം ലോകം അറിഞ്ഞത്. എന്നാൽ പ്രകൃതി ഒളിപ്പിക്കുന്ന അത്ഭുതങ്ങൾ നിരവധിയാണ് ലോകത്ത്. ലോകത്തിൽ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും കൗതുകം ജനിപ്പിക്കുന്ന പ്രകൃതി അത്ഭുതങ്ങളിൽ ഒന്നാണ് വിയറ്റ്നാമിലെ ഹാങ് സോൻ ഡൂങ് ഗുഹ. ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രകൃതിദത്ത ഗുഹയായ ഹാങ് സോൻ ഡൂങിൽ ഒരു പരിസ്ഥിതി സംവിധാനം തന്നെ സ്ഥിതി ചെയ്യുന്നുണ്ട്. പ്രദേശവാസിയായ ഹൊ ഖാൻഹ് 1990 -കളിലാണ് ആദ്യമായി ഈ ഗുഹ കണ്ടെത്തിയത്. ഹോ ഖാൻഹ് ഗുഹയ്ക്കരികിലെത്തിയപ്പെൾ അതിനുള്ളിൽ നിന്നും ഇടിമുഴക്കത്തിന്‍റെയും നദിയൊഴുകുന്നതിന്‍റെയും ശബ്ദം കേട്ടു എന്നാണ് പറയപ്പെടുന്നത്.താൻ കണ്ടെത്തിയ ഗുഹയുടെ വിവരങ്ങൾ ഹോ ഖാൻഹ് പ്രദേശത്തെത്തിയ ബ്രിട്ടിഷ് ഗുഹാ പര്യവേക്ഷകരോട് പറഞ്ഞിരുന്നു.
ഗുഹയുടെ കവാടത്തിൽ തങ്ങളെ എത്തിക്കാൻ പര്യവേക്ഷകര്‍ ഹോ ഖാൻഹിനോട് ആവശ്യപ്പെട്ടു. എന്നാൽ, നീണ്ട തിരച്ചിൽ നടത്തിയിട്ടും ഖാൻഹിന് ഗുഹാ കവാടം കണ്ടെത്താൻ സാധിച്ചില്ല. ഒടുവിൽ പതിനെട്ട് വര്‍ഷത്തെ അന്വേഷണത്തിന് ശേഷം 2008 -ൽ ആണ് ഗുഹാകവാടം അദ്ദേഹം വീണ്ടും കണ്ടെത്തിയത്. പിന്നാലെ 2009 -ൽ ഇവിടെ പര്യവേക്ഷണ സംഘവുമെത്തി. അതിനുള്ളിൽ കയറിയ പര്യവേഷകർ അക്ഷരാർത്ഥത്തിൽ ഞെട്ടി. കാരണം, അതിനുള്ളിൽ അതുവരെ ആരും കാണാത്ത മറ്റൊരു വലിയ ജൈവ ലോകം തന്നെ ഉണ്ടായിരുന്നു. 9 കിലോമീറ്ററോളം നീളത്തിൽ കിടക്കുന്ന ഈ ഗുഹയുടെ പ്രധാന പാതയ്ക്ക് 5 കിലോമീറ്റർ നീളമുണ്ട്. ഈ ഗുഹയ്ക്കുള്ളിൽ ഭൂഗർഭ നദികളും അതിപ്രാചീനമായ ഫോസിലുകളും, മത്സ്യങ്ങളും കീടങ്ങളും ചെടികളും മരങ്ങളും അങ്ങനെ ഭൂമുഖത്തുള്ള പലതുമുണ്ട്. 2 മുതല്‍ 5 ദശലക്ഷം വർഷം വരെ പഴക്കം ഇതിനുണ്ടെന്ന് കരുതപ്പെടുന്നു.
ഗുഹയുടെ മേൽക്കൂര രണ്ടിടത്ത് തകർന്നതിനാൽ സൂര്യപ്രകാശം ഗുഹയ്ക്കുള്ളിലേക്കെത്തും. ഗുഹയിലെ ഭൂഗർഭ നദിയുടെ സാന്നിധ്യം മൂലം ഇതിനുള്ളിൽ ഒരു വനം തന്നെ വളരുന്നുണ്ട്. അതിനാൽ തന്നെ ഈ ഗുഹയ്ക്കുള്ളില്‍ സ്വന്തമായൊരു കാലാവസ്ഥയുമുണ്ട്. മധ്യവിയറ്റ്നാമിലെ ക്വാങ് ബിങ് പ്രവിശ്യയിലാണ് ഈ ഗുഹയുള്ളത് . ആദ്യ കാലത്ത് ഈ ഗുഹയിലേക്ക് പ്രവേശനം അനുവദിച്ചിരുന്നില്ലെങ്കിലും പിൽക്കാലത്ത് അനുവദിച്ച് തുടങ്ങി. നിലവിൽ ഓക്സാലിസ് അഡ്വഞ്ചർ എന്ന ഒരു കമ്പനിക്ക് മാത്രമാണ് ഇതിനുള്ളിലേക്ക് സഞ്ചാരികളെ കൊണ്ടുപോകാനുള്ള അനുമതിയുള്ളത്. ഈ ഗുഹയ്ക്കുള്ളിൽ വളരെ വിചിത്രരായ ചില ജീവികൾ വസിക്കുന്നുണ്ടെന്നാണ് നാട്ടുകാരുടെ വിശ്വാസം. എന്നാൽ, ഇതിന് ശാസ്ത്രീയമായ പിൻബലങ്ങലൊന്നും തന്നെ ഇന്നും ലഭ്യമായിട്ടില്ല.