ഡൽഹി: ഡല്‍ഹി കാപിറ്റല്‍സിനെതിരായ നിർണായക മത്സരത്തിൽ പൊരുതിത്തോറ്റ് മുംബൈ ഇന്ത്യൻസ്. അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റേന്തിയ ഡല്‍ഹി 258 റണ്‍സിന്റെ കൂറ്റൻ വിജയലക്ഷ്യമായിരുന്നു മുംബൈക്ക് മുന്നിൽ വെച്ചത്. മറുപടി ബാറ്റിങ്ങിൽ 247 റൺസെടുക്കാനേ മുംബൈക്ക് കഴിഞ്ഞുള്ളൂ. വെറും 10 റൺസിന്റെ തോൽവിയായിരുന്നു മുംബൈ വഴങ്ങിയത്. മുംബൈയ്ക്കായി തിലക് വർമ അർധ സെഞ്ചറി നേടി. 32 പന്തുകൾ നേരിട്ട താരം 63 റൺസെടുത്തു പുറത്തായി.
യുവതാരം ജേക്ക് ഫ്രേസര്‍-മക്ഗുര്‍ക്കിന്റെ വെടിക്കെട്ട് ബാറ്റിങ്ങായിരുന്നു ഡൽഹിയെ തുണച്ചത്. 27 പന്തില്‍ 84 റൺസെടുത്ത താരം 11 ഫോറും ആറ് സിക്സറുകളും പറത്തിയിരുന്നു. ട്രിസ്റ്റണ്‍ സ്റ്റബ്‌സ് പുറത്താവാതെ 25 പന്തില്‍ 48 റണ്‍സ് നേടി. നായകൻ റിഷഭ് പന്ത് 19 പന്തുകളിൽ 29 റണ്‍സ് നേടി.
ഗംഭീര തുടക്കമാണ് ഫ്രേസര്‍ – അഭിഷേക് പോറല്‍ (27 പന്തില്‍ 36) സഖ്യം ഡല്‍ഹിക്ക് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 114 റണ്‍സ് ചേര്‍ത്തു. എട്ടാം ഓവറിലെ മൂന്നാം പന്തിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. ഫ്രേസറെ, പിയൂഷ് ചൗള പുറത്താക്കി. ആറ്് സിക്‌സും 11 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഫ്രേസറുടെ ഇന്നിംഗ്‌സ്. മൂന്നാമതായി ക്രീസിലെത്തിയത് ഷായ് ഹോപ്. എന്നാല്‍ പത്താം ഓവറില്‍ പോറലും മടങ്ങി. ഹോപ്പിനോട ക്രീസിലൊന്നിച്ച പന്ത് 43 റണ്‍സാണ് ടോട്ടലിനൊപ്പം ചേര്‍ത്തത്. അഞ്ച് സിക്‌സുകള്‍ നേടിയ ലൂക് വുഡ് മടക്കി.
തുടര്‍ന്നെത്തിയ സ്റ്റബ്‌സ്, പന്തിനൊപ്പം ചേര്‍ന്ന് 55 റണ്‍സും കൂട്ടിചേര്‍ത്തു. രണ്ട് വീതം സിക്‌സും ഫോറും നേടിയ പന്തിനെ ബുമ്ര പുറത്താക്കി. അക്‌സര്‍ പട്ടേല്‍, സ്റ്റബ്‌സിനൊപ്പം പുറത്താവാതെ നിന്നു. സ്റ്റബ്‌സിന്റെ ഇന്നിംഗ്‌സില്‍ രണ്ട് സിക്‌സും ആറ് ഫോറുമുണ്ടായിരുന്നു. ലൂക്ക് വുഡ് നാല് ഓവറില്‍ 68 റണ്‍സാണ് വിട്ടുകൊടുത്തത്.
മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ നിരയിൽ തിലക് വർമ്മയാണ് മികച്ച പ്രകടനം കാഴ്ച വച്ചത്. 32 പന്തിൽ 4 ഫോറും 4 സിക്‌സും ഉൾപ്പെടെ 63 റൺസാണ് താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നത്. റണ്ണൗട്ടിൽ തിലക് വർമ്മയുടെ പുറത്താകലാണ് മത്സരത്തിന്റെ വിധി നിർണയിച്ചത്. ഇഷാൻ കിഷൻ(20), സൂര്യകുമാർ യാദവ്(26), ഹാർദിക് പാണ്ഡ്യ(46), ടിം ഡേവിഡ്(37) എന്നിവരും പൊരുതി നോക്കി. രോഹിത് ശർമ്മ(8), നേഹൽ വധേര(4), മുഹമ്മദ് നബി(7), പീയുഷ് ചൗള(10) എന്നിവർ മത്സരത്തിൽ നിറം മങ്ങി.
റാസിഖ് സലാമും മുകേഷ് കുമാറും ഡൽഹിക്കായി മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ഖലീൽ അഹമ്മദ് രണ്ട് വിക്കറ്റും വീഴ്‌ത്തി.