മുംബൈ: ഇന്ത്യാ സഖ്യം അധികാരത്തിൽ എത്തിയാൽ അഞ്ചു വർഷം കൊണ്ട് രാജ്യത്ത് അഞ്ചു പ്രധാനമന്ത്രിമാരുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദക്ഷിണേന്ത്യയെ ഒരു പ്രത്യേക രാഷ്ട്രമാക്കുമെന്നാണ് വിവിധ സ്ഥലങ്ങളിൽ ഇന്ത്യാ സഖ്യം പ്രസംഗിക്കുന്നതെന്ന് മോദി അവകാശപ്പെട്ടു. മഹാരാഷ്‌ട്രയിലെ കോലാപൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
‘‘അവരുടെ സർക്കാരുണ്ടായാൽ പൗരത്വ ഭേദഗതി നിയമം ഇല്ലാതാക്കും. മൂന്നക്ക ലോക്സഭാ സീറ്റു പോലും നേടാനാകാത്തവർ സർക്കാരുണ്ടാക്കുന്നതു വരെ എത്തിയിരിക്കുന്നു. ഒരു വർഷം ഒരു പ്രധാനമന്ത്രി എന്നതാണ് അവരുടെ ഫോർമുല. അവർ അഞ്ചു വർഷം അധികാരത്തിൽ തുടർന്നാൽ ഓരോ വർഷവും ഒരോ പ്രധാനമന്ത്രിമാർ വരും. കോൺഗ്രസും ഇന്ത്യാ മുന്നണിയും കർണാടകയിലും തമിഴ്നാട്ടിലും മറ്റും പ്രസംഗിച്ചു നടക്കുന്നത് ദക്ഷിണേന്ത്യയെ പ്രത്യേക രാഷ്ട്രമാക്കുമെന്നാണ്. ഛത്രപതി ശിവജിയുടെ നാടിന് അത് അംഗീകരിക്കാനാകുമോ?’’ – മോദി ചോദിച്ചു.
കോൺഗ്രസിന് ഏറെ പ്രിയമുള്ള പാർട്ടിയാണ് ഡിഎംകെ. അവർ സനാതന ധർമ്മത്തെ ഡെങ്കിയോടും മലേറിയയോടും ഉപമിച്ചാണ് അവഹേളിച്ചത്. സനാതന ധർമ്മത്തെ തള്ളിപ്പറയുന്നവരെ ഇന്ത്യാ സഖ്യം ആദരിക്കുകയാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
കോൺഗ്രസും ഇൻഡി സഖ്യവും ദേശീയ വിരുദ്ധതയും വിദ്വേഷവും വിതരണം ചെയ്യുകയാണ്. എന്നാൽ ഇതിലൊന്നും ജനങ്ങൾ വഞ്ചിതരാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വികസനത്തിൽ എൻഡിഎയുടെ റെക്കോർഡിന് ഏഴയലത്ത് പോലും എത്താൻ സാധിച്ചില്ലെന്ന് കോൺഗ്രസിന് മനസിലായതോടെ അവർ നയം മാറ്റി. രാജ്യവിരുദ്ധ അജണ്ടകളും പ്രീണനവുമാണ് ഇൻഡി സഖ്യം പിന്തുടരുന്നത്. കശ്മീരിൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുമെന്നതാണ് കോൺഗ്രസിന്റെ പുതിയ അജണ്ടയെന്നും നരേന്ദ്ര മോദി പറഞ്ഞു.