ന്യൂഡൽഹി: മുംബൈ ഭീകരാക്രമണക്കേസിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായിരന്ന ഉജ്ജ്വൽ നികം ബി.ജെ.പി സ്ഥാനാർഥി. മുംബൈ നോർത്ത് സെൻട്രലിൽനിന്നാണ് അദ്ദേഹം മത്സരിക്കുന്നത്.
2008 ലെ മുംബൈ ഭീകരാക്രമണ കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആയിരുന്നു ഉജ്ജ്വൽ നികം. സിറ്റിംഗ് എംപി പൂനം മഹാജനെ തഴഞ്ഞാണ് ഉജ്ജ്വൽ നിഗത്തിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. കോൺഗ്രസിന്റെ വർഷ ഗെയ്ക്വാദ് ആണ് എതിർ സ്ഥാനാർഥി.
അന്തരിച്ച ബി.ജെ.പി നേതാവ് പ്രമോദ് മഹാജന്റെ മകളാണ് പൂനം. 2014 ൽ നടനും കോൺഗ്രസ് നേതാവുമായ സുനിൽ ദത്തിന്റെ മകൾ പ്രിയ ദത്തിനെ പരാജയപ്പെടുത്തിയാണ് പൂനം മഹാജൻ ലോക്സഭയിലെത്തിയത്. 2019ലും പൂനത്തിന് വിജയം ആവർത്തിക്കാൻ കഴിഞ്ഞിരുന്നു.കഴിഞ്ഞ രണ്ടുതവണയായി ഇവിടെനിന്ന് വിജയിച്ച ഇവർക്ക് ഇത്തവണ വിജയസാധ്യതയില്ലെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
അഭിഭാഷകവൃത്തിയിൽ നിരവധി പ്രശസ്തമായ കേസുകളിൽ പബ്ലിക് പ്രോസിക്യൂട്ടറായ ആളാണ് ഉജ്ജ്വൽ. 1993 ബോംബൈ ബോംബിംഗ്, ഗുൽഷൻ കുമാർ കൊലപാതക കേസ്, പ്രമോദ് മഹാജൻ കൊലക്കേസ്, 2008 ലെ മുംബൈ ആക്രമണം, 2013ലെ കൂട്ട ബലാത്സംഗം എന്നിവയിലും വാദികൾക്ക് വേണ്ടി കോടതിയിൽ ഹാജരായിട്ടുണ്ട്. 2016 ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചിരുന്നു.