ദോഹ: ഖത്തർ സന്ദർശനത്തിനെത്തിയ ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുൽലത്തീഫ് ബിൻ റാഷിദ് അൽ സയാനി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയുമായും കൂടിക്കാഴ്ച നടത്തി. ലുസൈൽ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ മേഖലയിലെ വിവിധ വിഷയങ്ങളും ഗസ്സയിലെ ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കുന്നത് സംബന്ധിച്ചും അമീറുമായി ചർച്ച നടത്തിയതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. വെടിനിർത്തൽ സാധ്യമാക്കാനും സംഘർഷം വ്യാപിക്കുന്നത് തടയാനുമുള്ള നടപടികളിൽ പ്രധാനമന്ത്രിയുമായും ചർച്ച ചെയ്തു. ഖത്തരി ജനതക്കും അമീറിനും ക്ഷേമം ആശംസിച്ചുള്ള ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽഖലീഫയുടെ സന്ദേശം കൈമാറി.