ചോരകൊണ്ട് വാംപയര്‍ ഫേഷ്യല്‍; ഒടുവിൽ എച്ച്‌.ഐ.വി അണുബാധ

സൗന്ദര്യം വർധിപ്പിക്കാനായി എന്തും ചെയ്യാൻ തയ്യാറായ ചിലരുണ്ട്. അതിനായി മുഖത്തിന്റെയും ശരീരത്തിന്റെയും രൂപം മാറ്റുന്ന ചികിത്സകളും സൗന്ദര്യ വർധക മാർഗ്ഗങ്ങളും തിരഞ്ഞെടുക്കുന്നവരും കുറവല്ല. എന്നാൽ ഇങ്ങനെ ചെയ്ത് പണി വാങ്ങുന്നവരും നിരവധിയാണ്. അത്തരമൊരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. സൗന്ദര്യലോകത്ത് ഇപ്പോള്‍ ട്രെൻഡിങ്ങായ ഒന്നാണ് വാംപയർ ഫേഷ്യല്‍. അവരവരുടെ രക്തത്തില്‍ നിന്നും വേർതിരിച്ചെടുക്കുന്ന പ്ലേറ്റ്‌ലസ് റിച്ച്‌ പ്ലാസ്മ(പിആർപി) ഉപയോഗിച്ച്‌ മുഖചർമ്മത്തിന്റെ പുനരുജ്ജീവനത്തിനു വേണ്ടി ചെയ്യുന്ന ഈ ചികിത്സ മുടിവളർച്ചയ്‌ക്ക് തലയില്‍ ചെയ്യുന്ന പിആർപി ചികിത്സയ്‌ക്ക് സമാനമാണ്.

ചെലവ് കുറഞ്ഞതും ഏറെ ഫലപ്രദവുമായ സൗന്ദര്യവ‍ർദ്ധക രീതിയായാണ് വാംപയർ ഫേഷ്യല്‍ അറിയപ്പെടുന്നത്. അതുകൊണ്ടു തന്നെ നിരവധിപ്പേരാണ് ഇന്ന് ഇത് ചെയ്യാനായി മുന്നോട്ട് വരുന്നത്. എന്നാല്‍ വാംപയർ ഫേഷ്യലിനെ ക്കുറിച്ച്‌ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അമേരിക്കയില്‍ ന്യൂമെക്സിക്കോയില്‍ പ്രവ‍ർത്തിച്ചിരുന്ന ഒരു സ്പായില്‍ നിന്ന് ഈ ഫേഷ്യല്‍ ചെയ്ത കൂടുതല്‍ പേർക്ക് എച്ച്‌.ഐ.വി അണുബാധ സ്ഥിരീകരിച്ചുവെന്നതാണ് ഈ വാർത്ത. ഇതോടെ ഇതിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിരിക്കുയാണ് അധികൃതർ. 2018ലാണ് ന്യൂ മെക്സികോയിലെ ഒരു സ്പായില്‍ നിന്ന് വാംപയർ ഫേഷ്യല്‍ ചെയ്തവരില്‍ ഒരാള്‍ക്ക് എച്ച്‌.ഐ.വി അണുബാധ സ്ഥിരീകരിച്ചത്.

തുടർന്ന് അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കണ്‍ട്രോള്‍ ആന്റ പ്രിവൻഷൻ പരിശോധന നടത്തി ഈ സ്ഥാപനം അടപ്പിച്ചിരുന്നു. ഒരു വ്യക്തിയുടെ കൈയിലെ രക്തക്കുഴലില്‍ നിന്ന് രക്തം ശേഖരിച്ച്‌ അതിലുള്ള പ്ലേറ്റ്ലറ്റുകളെ വേർതിരിക്കും. തുടർന്ന് അതീവസൂക്ഷ്മ സൂചികള്‍ ഉപയോഗിച്ച്‌ അവ മുഖത്തേക്ക് കുത്തിവെയ്ക്കുന്നതാണ് ഇതിന്റെ രീതി. അണുവിമുക്തമാക്കാത്ത സൂചി കൊണ്ട് ഇഞ്ചക്ഷൻ ചെയ്തതാണ് എച്ച്‌.ഐ.വി ബാധയ്ക്ക് പിന്നിലെന്നാണ് അന്ന് കണ്ടെത്തിയത്. ഇതിന് പിന്നാലെ ഈ സ്പായില്‍ ഫേഷ്യല്‍ ചെയ്തവർക്ക് എല്ലാം ന്യൂ മെക്സിക്കോ ആരോഗ്യ വകുപ്പ് സൗജന്യ എച്ച്‌.ഐ.വി പരിശോധനയും വാഗ്ദാനം ചെയ്തു. അടുത്തിടെ ഇവിടെ നിന്ന് വാംപയ‌ർ ഫേഷ്യല്‍ നടത്തിയ ഒരാള്‍ക്ക് കൂടി എച്ച്‌.ഐ.വി അണുബാധ സ്ഥിരീകരിച്ചു. ഇതോടെയാണ് ഈ അന്വേഷണം വീണ്ടും തുടങ്ങിയത്.

സ്പായിലെ ഫേഷ്യലിന് ശേഷം എച്ച്‌.ഐ.വി സ്ഥിരീകരിക്കപ്പെട്ടവരുടെ വിവരങ്ങളും സി.ഡി.സിയുടെ റിപ്പോർട്ടിലുണ്ട്. 2018ല്‍ ആദ്യം ഒരു മദ്ധ്യവയസ്കയ്ക്കാണ് അണുബാധ കണ്ടെത്തിയത്. ഇവർക്ക് ലഹരി ഉപയോഗമോ രക്തം സ്വീകരിക്കുന്ന തരത്തിലുള്ള ഏതെങ്കിലും ചികിത്സയുടെ ചരിത്രമോ എച്ച്‌.ഐ.വി ബാധിതരുമായുള്ള ലൈംഗിക ബന്ധമോ ഉണ്ടായിരുന്നില്ല. ഇതേ വർഷം തന്നെ മറ്റൊരു മദ്ധ്യവയസ്കയ്ക്കും അണുബാധ സ്ഥിരീകരിച്ചു.മതിയായ സുരക്ഷാ നടപടികള്‍ സ്വീകരിക്കാതെ ഇവിടെ രക്തം എടുക്കുകയും ഘടകങ്ങള്‍ വേർതിരിക്കുകയും തിരികെ ഇവ ശരീരത്തില്‍ കുത്തിവെയ്ക്കകുയം ചെയ്തിരുന്നതായി കണ്ടെത്തി. ലേബലില്ലാത്ത ട്യൂബുകളില്‍ രക്ഷം ശേഖരിച്ച്‌ വെച്ചിരുന്നത് അടുക്കളയിലെ സ്ലാബിന് പുറത്തും അടുക്കളയിലെ ഫ്രിഡ്ജില്‍ ഭക്ഷണ സാധനങ്ങള്‍ക്കൊപ്പവുമൊക്കെയായിരുന്നു. സ്പാ ഉടമ കുറ്റക്കാരനാണെന്ന് 2022ല്‍ കോടതി വിധിച്ചു. തുടർന്ന് ഇയാള്‍ക്ക് മൂന്നര വർഷം തടവ് ശിക്ഷ വിധിച്ചു. സി.ഡി.സിയുടെയും ആരോഗ്യ വകുപ്പിന്റെയും കണക്ക് പ്രകാരം ഈ സ്പായില്‍ വന്നിട്ടുള്ള 59 പേർക്ക് എച്ച്‌.ഐ.വി അണുബാധ ഏറ്റിരിക്കാനുള്ള സാധ്യതയുണ്ട്. ഇവരില്‍ 20 പേർ വാംപയർ ഫേഷ്യല്‍ ചെയ്തവരാണ്. എന്നാല്‍ അപ്പോഴും ആദ്യം ഈ എച്ച്‌.ഐ.വി ബാധയുടെ ഉറവിടം ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടുമില്ല.