ബെംഗളൂരു: കർണാടകയിലെ ചാമരാജനഗർ ലോക്‌സഭാ മണ്ഡലത്തിലുള്ള ഹനൂരിലെ ഒരു പോളിങ് കേന്ദ്രത്തിൽ ഏപ്രിൽ 29ന് വീണ്ടും വോട്ടെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഏപ്രിൽ 26ന് ബൂത്തിൽ നടന്ന വോട്ടെടുപ്പ് അസാധുവാക്കാൻ കർണാടക മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ കത്തയച്ചു. കമ്മിഷന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് പോളിങ്.
ഏപ്രില്‍ 26ന് നടന്ന തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ നശിപ്പിക്കപ്പെട്ടതിനെ തുടര്‍ന്നാണ് വീണ്ടും പോളിങ് നടക്കുന്നത്.
തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യണോ വേണ്ടയോ എന്നതിനെ ചൊല്ലി ചാമരാജ നഗര ജില്ലയിലെ ഇന്‍ഡിഗനാഥ ഗ്രാമത്തിലെ രണ്ട് സംഘങ്ങള്‍ തമ്മിലാണ് വെള്ളിയാഴ്ച്ച സംഘര്‍ഷമുണ്ടായത്. മതിയായ അടിസ്ഥാന സൗകര്യ വികസനമില്ലെന്ന് ചൂണ്ടിക്കാട്ടി ഗ്രാമവാസികള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. പ്രാദേശിക ഉദ്യോഗസ്ഥരുടെ ഉറപ്പിനും ശ്രമങ്ങള്‍ക്കും ശേഷമാണ് വോട്ടെടുപ്പ് നടന്നത്.
എന്നാല്‍ വോട്ടെടുപ്പ് ദിവസം ഒരു സംഘം വോട്ട് ചെയ്യാനും, മറ്റൊന്ന് ബഹിഷ്‌കരിക്കാനും തീരുമാനിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇതിനിടയിലാണ് ബൂത്തിലുണ്ടായിരുന്ന വോട്ടിങ് മെഷീനുകളും നശിപ്പിക്കപ്പെട്ടതെന്നാണ് പൊലിസ് നല്‍കുന്ന വിശദീകരണം.