ലഖ്‌നൗ: ഐപിഎഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ഏഴ് വിക്കറ്റിന്റെ ജയം. ഏകനാ സ്റ്റേഡിയത്തില്‍ 197 റണ്‍സ് വിജയം പിന്തുടര്‍ന്ന രാജസ്ഥാന്‍ 19 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (33 പന്തില്‍ 71), ധ്രുവ് ജുറല്‍ (34 പന്തില്‍ 52) എന്നിവരുടെ ഇന്നിംഗ്‌സാണ് രാജസ്ഥാന് വിജയം സമ്മാനിച്ചത്. ഇരുവരും പുറത്താവാതെ നിന്നു. വിജയത്തോടെ രാജസ്ഥാന്‍ ഏറെക്കുറെ പ്ലേ ഓഫ് ഉറപ്പിച്ചു. 9 മത്സരത്തില്‍ 16 പോയിന്റായി രാജസ്ഥാന്. ലഖ്‌നൗ ഇത്രയും മത്സരങ്ങളില്‍ നിന്ന് 10 പോയിന്റുമായി നാലാം സ്ഥാനത്ത് നില്‍ക്കുന്നു.
ഓപ്പണിങ് വിക്കറ്റിൽ വെറും 35 പന്തിൽനിന്ന് 60 റൺസ് അടിച്ചുകൂട്ടി ഓപ്പണർമാരായ ജോസ് ബട്‍ലറും യശസ്വി ജയ്സ്വാളും നൽകിയ മിന്നുന്ന തുടക്കം മുതലെടുത്താണ് രാജസ്ഥാൻ അനായാസം വിജയത്തിലെത്തിയത്. ബട്‍ലർ 18 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം നേടിയത് 34 റൺസ്. ജയ്സ്വാൾ 18 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 24 റൺസെടുത്തും പുറത്തായി. റിയാൻ പരാഗ് 11 പന്തിൽ ഒരു സിക്സ് സഹിതം 14 റൺസെടുത്ത് അമിത് മിശ്രയ്ക്ക് വിക്കറ്റ് സമ്മാനിച്ച് പുറത്തായെങ്കിലും, പിരിയാത്ത നാലാം വിക്കറ്റിൽ സെഞ്ചറി കൂട്ടുകെട്ടുമായി സഞ്ജു – ജുറൽ സഖ്യം രാജസ്ഥാനെ വിജയത്തിലെത്തിച്ചു.
ലക്നൗവിനായി മാർക്കസ് സ്റ്റോയ്നിസ് ഒരു ഓവറിൽ മൂന്നു റൺസ് വഴങ്ങിയും യഷ് താക്കൂർ നാല് ഓവറിൽ 50 റൺസ് വഴങ്ങിയും അമിത് മിശ്ര രണ്ട് ഓവറിൽ 20 റൺസ് വഴങ്ങിയും ഓരോ വിക്കറ്റെടുത്തു.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ലക്നൗ, നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 196 റൺസെടുത്തത്. അർധസെഞ്ചറിയുമായി മുന്നിൽ നിന്നു പടനയിച്ച ക്യാപ്റ്റൻ കെ.എൽ. രാഹുൽ (76), ഇടവേളയ്ക്കു ശേഷം ഐപിഎലിൽ അർധസെഞ്ചറി നേടിയ ദീപക് ഹൂഡ (50) എന്നിവരുടെ ഇന്നിങ്സുകളാണ് ലക്നൗവിന് മികച്ച സ്കോർ സമ്മാനിച്ചത്. രാജസ്ഥാനായി സന്ദീപ് ശർമ രണ്ടു വിക്കറ്റ് വീഴ്ത്തി.
രണ്ട് ഓവറിൽ 11 റൺസെടുക്കുമ്പോഴേയ്ക്കും ഓപ്പണർ ക്വിന്റൻ ഡികോക്ക്, മാർക്കസ് സ്റ്റോയ്നിസ് എന്നിവരുടെ വിക്കറ്റ് നഷ്ടമാക്കി കൂട്ടത്തകർച്ചയിലേക്കു നീങ്ങിയ ലക്നൗവിന്, മൂന്നാം വിക്കറ്റിൽ രാഹുൽ – ഹൂഡ സഖ്യം പടുത്തുയർത്തിയ സെഞ്ചറി കൂട്ടുകെട്ടാണ് മികച്ച സ്കോറിന് അടിത്തറയായത്. വെറും 62 പന്തിൽനിന്ന് ഇരുവരും ചേർന്ന് അടിച്ചുകൂട്ടിയത് 115 റൺസാണ്. രാഹുൽ 48 പന്തിൽ എട്ടു ഫോറും രണ്ടു സിക്സും സഹിതമാണ് 76 റൺസെടുത്തത്. 31 പന്തുകൾ നേരിട്ട ഹൂഡ, ഏഴു ഫോറുകളോടെ 50 റൺസുമെടുത്തു.
അവസാന ഓവറുകളിൽ ഭേദപ്പെട്ട ബാറ്റിങ് പ്രകടനവുമായി 13 പന്തിൽ 18 റൺസുമായി പുറത്താകാതെ നിന്ന ആയുഷ് ബദോനി, 11 പന്തിൽ 15 റൺസുമായി കൂട്ടുനിന്ന ക്രുനാൽ പാണ്ഡ്യ എന്നിവർ ചേർന്നാണ് ലക്നൗവിന്റെ സ്കോർ 196ൽ എത്തിച്ചത്. അതേസമയം, ക്വിന്റൻ ഡികോക്ക് (മൂന്നു പന്തിൽ എട്ട്), മാർക്കസ് സ്റ്റോയ്നിസ് (0), നിക്കോളാസ് പുരാൻ (11 പന്തിൽ 11) എന്നിവർ നിരാശപ്പെടുത്തി.
രാജസ്ഥാനായി സന്ദീപ് ശർമ നാല് ഓവറിൽ 31 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ട്രെന്റ് ബോൾട്ട് നാല് ഓവറിൽ 41 റൺസ് വഴങ്ങിയും, ആവേശ് ഖാൻ നാല് ഓവറിൽ 42 റൺസ് വഴങ്ങിയും രവിചന്ദ്രൻ അശ്വിൻ നാല് ഓവറിൽ 39 റൺസ് വഴങ്ങിയും ഓരോ വിക്കറ്റെടുത്തു.