കൽപ്പറ്റ: വയനാട് പുൽപ്പള്ളി സീതാമൗണ്ടിൽ കടുവ ഇറങ്ങിയതായി സംശയം. രണ്ട് പശുക്കിടാങ്ങളെ കടുവ പിടിച്ചതായാണ് സംശയിക്കുന്നത്.
കളപ്പുരയ്ക്കൽ ജോസഫിന്റെ പശുക്കിടാങ്ങളെയാണ് കടുവ പിടിച്ചത്. ഒന്നരമാസം പ്രായമുള്ള പശുക്കളാണ്. പശുക്കളെ മേയാൻ വിട്ടപ്പോഴാണ് സംഭവം. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് കടുവ ഇറങ്ങിയത്.
ആദ്യം പിടികൂടിയ പശുക്കിടാവിനെ വലിച്ചിഴച്ച് പുഴയ്ക്കക്കരെ എത്തിച്ചെങ്കിലും ജോസഫ് ബഹളംവെച്ചതോടെ പശുക്കിടാവിനെ ഉപേക്ഷിച്ചുപോയ കടുവ, സമീപത്തുണ്ടായിരുന്ന മറ്റൊരു പശുക്കിടാവിനെ ആക്രമിക്കുകയായിരുന്നു.
കർണാടക കാടുകളിൽ നിന്ന് കടുവ എത്തിയതാകാം എന്നാണ് വിലയിരുത്തൽ. വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന തുടങ്ങി. ഈ വർഷം അഞ്ചു കടുവകളെയാണ് വയനാട്ടിൽ വനംവകുപ്പ് പിടികൂടിയത്.
പ്രദേശത്ത് നിരീക്ഷണത്തിനായി മൂന്ന് ക്യാമറകൾ സ്ഥാപിക്കുമെന്നാണ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ പി.ആർ. ഷാജി അറിയിക്കുന്നത്. കടുവയെ പിടികൂടാൻ എത്രയും വേഗം നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.