ജംഗിൾ സഫാരി സംഘത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന. അതിരപ്പിള്ളിയിൽ വനംവകുപ്പിന്റെ ജംഗിൾ സഫാരിക്കെത്തിയ സംഘത്തിന് നേരെയാണ് കാട്ടാന പാഞ്ഞടുത്തത്. തൃപ്രയാർ സ്വദേശി കൃഷ്ണപ്രസാദ് അടക്കം ആറു പേരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്.
സംഘത്തിനൊപ്പം വാച്ചറും ബീറ്റ് ഫോറസ്റ്റ് ഓഫീസറും ഉണ്ടായിരുന്നു. ആന വരുന്നത് മനസ്സിലാക്കിയ വാച്ചർ ജീപ്പ് പുറകോട്ടെടുത്തതോടെ ആന തിരിച്ചു പോവുകയായിരുന്നു. വാച്ചറുടെ സമയോചിത ഇടപെടലിൽ തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് സംഘം രക്ഷപ്പെട്ടത്.
അതേസമയം, വയനാട് പുൽപ്പള്ളി സീതാമൗണ്ടിൽ കടുവ ഇറങ്ങിയതായി സംശയം. രണ്ട് പശുക്കിടാങ്ങളെ കടുവ പിടിച്ചതായാണ് സംശയിക്കുന്നത്. കളപ്പുരയ്ക്കൽ ജോസഫിന്റെ പശുക്കിടാങ്ങളെയാണ് കടുവ പിടിച്ചത്. ഒന്നരമാസം പ്രായമുള്ള പശുക്കളാണ്. പശുക്കളെ മേയാൻ വിട്ടപ്പോഴാണ് സംഭവം. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് കടുവ ഇറങ്ങിയത്.
ആദ്യം പിടികൂടിയ പശുക്കിടാവിനെ വലിച്ചിഴച്ച് പുഴയ്ക്കക്കരെ എത്തിച്ചെങ്കിലും ജോസഫ് ബഹളംവെച്ചതോടെ പശുക്കിടാവിനെ ഉപേക്ഷിച്ചുപോയ കടുവ, സമീപത്തുണ്ടായിരുന്ന മറ്റൊരു പശുക്കിടാവിനെ ആക്രമിക്കുകയായിരുന്നു.
കർണാടക കാടുകളിൽ നിന്ന് കടുവ എത്തിയതാകാം എന്നാണ് വിലയിരുത്തൽ. വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന തുടങ്ങി. ഈ വർഷം അഞ്ചു കടുവകളെയാണ് വയനാട്ടിൽ വനംവകുപ്പ് പിടികൂടിയത്.
പ്രദേശത്ത് നിരീക്ഷണത്തിനായി മൂന്ന് ക്യാമറകൾ സ്ഥാപിക്കുമെന്നാണ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ പി.ആർ. ഷാജി അറിയിക്കുന്നത്. കടുവയെ പിടികൂടാൻ എത്രയും വേഗം നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.