ഗാസയിൽ ഹമാസ് ഇസ്രായേൽ യുദ്ധത്തിൽ പരിക്കേറ്റ കൂടുതൽ കുട്ടികളെ യു.എ.ഇ. യിലെത്തിച്ചു. അർബുദരോഗികളും ബന്ധുക്കളും ഉൾപ്പെടെ 76 പേരാണ് പുതിയ സംഘത്തിലുള്ളത്. ഇതിൽ അടിയന്തര വൈദ്യസഹായം ആവശ്യമുള്ള 25 പേരുണ്ട്. ചികിത്സക്കായി ഗാസയിൽനിന്നെത്തുന്ന 16ാ-മത് സംഘമാണിത്.
ഈജിപ്തിലെ അൽ അരിഷ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പുറപ്പെട്ട വിമാനം ശനിയാഴ്ച പുലർച്ചെയാണ് അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി.
ചികിത്സ ആവശ്യമുള്ളവരെ ആശുപത്രികളിലേക്കും മറ്റുള്ളവരെ എമിറേറ്റ്‌സ് ഹ്യൂമാനിറ്റേറിയൻ സിറ്റിയിൽ ഒരുക്കിയിരിക്കുന്ന താമസസ്ഥലത്തേക്കും മാറ്റി. യു.എ.ഇ. യിലെ ആശുപത്രികൾ ഗാസയിൽ പരിക്കേറ്റ് ചികിത്സക്കെത്തുന്നവർക്ക് മികച്ച ആരോഗ്യപരിരക്ഷയാണ് നൽകുന്നത്.
അതേസമയം, നാട്ടിലേക്ക് പോകാനിരിക്കെ മലയാളി യുവാവ് ദുബൈയില്‍ മരിച്ചു. സ്വകാര്യ ധനമിടപാടു സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന തലശ്ശേരി ചേറ്റംകുന്ന് സ്വദേശി മുഹമ്മദ് ഷാസ് ആണ് മരിച്ചത്. 29 വയസ്സായിരുന്നു. മെയ് അഞ്ചിനായിരുന്നു മുഹമ്മദ് ഷാസിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. കല്യാണത്തിനായി നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെയായിരുന്നു മരണം.
ഹൃദയാഘാതത്തെ തുടർന്നാണ് മരണം. പിതാവ്: എൻ.പി മൊയ്തു, മാതാവ്: വി.കെ ഷഹന, റാബിയ, റിയൂ എന്നിവർ സഹോദരങ്ങളാണ്. നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം ദുബൈയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.