ജറുസലം: വെടിനിർത്തലിനായി ഇസ്രയേൽ മുന്നോട്ടുവച്ച പുതിയ നിർദേശങ്ങൾ പഠിച്ചുവരികയാണെന്നു ഹമാസ് വെളിപ്പെടുത്തി. രണ്ടാഴ്ച മുൻപു ഹമാസ് നൽകിയ വെടിനിർത്തൽ വ്യവസ്ഥകൾക്കു മറുപടിയായുള്ള നിർദേശങ്ങളാണ് ഇസ്രയേൽ കൈമാറിയിരിക്കുന്നതെന്നാണു സൂചന. മധ്യസ്ഥരായ ഈജിപ്തിന്റെ ഉന്നത സംഘം വെള്ളിയാഴ്ച ടെൽ അവീവിലെത്തി ഇസ്രയേൽ നേതൃത്വവുമായി ചർച്ച നടത്തി. ഈജിപ്ത് അതിർത്തിയോടു ചേർന്ന തെക്കൻ ഗാസയിലെ റഫ ആക്രമിക്കുമെന്ന നിലപാടിൽ ഇസ്രയേൽ ഉറച്ചുനിൽക്കവേയാണ് വീണ്ടും സമാധാനചർച്ച. ഈ മാസാദ്യം കയ്റോയിൽ നടന്ന ചർച്ച പരാജയമായിരുന്നു.
അതിനിടെ, ഇന്നലെ പുലർച്ചെ റഫയിലെ ടെൽ സുൽത്താൻ മേഖലയിൽ ഇസ്രയേൽ നടത്തിയ ബോംബിങ്ങിൽ 4 കുട്ടികൾ അടക്കം രു കുടുംബത്തിലെ 6 പേർ കൊല്ലപ്പെട്ടു. 4 മാസം പ്രായമായ പെൺകുഞ്ഞും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. സെൻട്രൽ ഗാസയിലെ നുസുറത്ത് അഭയാർഥിക്യാംപിലെ വീടുകളിൽ നടന്ന ബോംബാക്രമണത്തിൽ 5 പേർ കൊല്ലപ്പെട്ടു. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ ഒട്ടേറേപ്പേർ കുടുങ്ങി. ഇതുവരെ ഗാസയിൽ 34,388 പലസ്തീൻകാർ കൊല്ലപ്പെട്ടു. 77,437 പേർക്കു പരുക്കേറ്റു. വെസ്റ്റ് ബാങ്കിൽ ജെനിൻ പട്ടണത്തിൽ ഇസ്രയേൽ പട്ടാളം 2 പലസ്തീൻ യുവാക്കളെ വെടിവച്ചുകൊന്നു. 2 പേർക്കു പരുക്കേറ്റു.