തിരുവനന്തപുരം : പുതുക്കിയ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം മെയ് ഒന്നുമുതൽ തന്നെ നടപ്പാക്കാൻ ഉറച്ച് ഗതാഗത വകുപ്പ്. എന്നാൽ പുതിയ രീതിയിൽ ടെസ്റ്റ് നടത്താവുന്ന രീതിയിൽ ഗ്രൗണ്ടുകള്‍ തയ്യാറാക്കിയില്ല എന്നതാണ് വാസ്തവം. തിരക്കിട്ട നീക്കത്തിനെതിരെ സമരപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ തിങ്കളാഴ്ച സിഐടിയു യോഗം വിളിച്ചു.
മന്ത്രിയായ ശേഷം കെ.ബി.ഗണേഷ്കുമാര്‍ നടത്തിയ ഏറ്റവും പ്രധാന പ്രഖ്യാപനമായിരുന്നു ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരം. എച്ച് എടുത്താല്‍ ലൈസന്‍സ് കിട്ടുമെന്ന രീതി പൊളിച്ച്, പാരലല്‍ പാര്‍ക്കിങും കയറ്റത്ത് നിര്‍ത്തുന്നതും പുറകോട്ട് എടുക്കുന്നതും തുടങ്ങി ഡ്രൈവിങിന്റെ മുഴുവന്‍ വശങ്ങളും ഉള്‍പ്പെടുത്തിയാണ് മന്ത്രി പരിഷ്കാരം പ്രഖ്യാപിച്ചത്. മെയ് 1 മുതല്‍ നടപ്പാക്കുമെന്നും ഉത്തരവിറക്കി. 86 ഇടത്ത് ഇതിനായി ഗ്രൗണ്ടുകള്‍ സജ്ജമാക്കണം. എന്നാല്‍ മാവേലിക്കരയില്‍ മാത്രമാണ് പരിഷ്കരിച്ച രീതിയില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്താന്‍ ഗ്രൗണ്ട് സജ്ജമായത്.
മന്ത്രിയുടെ നിര്‍ദേശപ്രകാരം 77 ഇടത്ത് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെങ്കിലും ഫണ്ട് അനുവദിക്കാത്തതില്‍ ഗ്രൗണ്ട് തയാറാക്കാനായില്ല. അതിനാല്‍ പുതിയ രീതിയില്‍ എങ്ങനെ ടെസ്റ്റ് നടത്താനാവുമെന്ന ആശയക്കുഴപ്പത്തിലാണ് എംവിഡി. സിഐടിയുവിന് കീഴിലെ ഓള്‍ കേരള ഡ്രൈവിങ് സ്കൂള്‍ വര്‍ക്കേഴ്സ് യൂണിയന്‍ പ്രത്യക്ഷ സമരത്തിനിറങ്ങിയെങ്കിലും തെരഞ്ഞെടുപ്പ് കഴിയുംവരെ കാത്തിരിക്കാന്‍ യൂണിയൻ നേതൃത്വം അറിയിക്കുകയായിരുന്നു.