നാലുമണി ചായക്ക് എന്തെങ്കിലും സ്പെഷ്യൽ ഉണ്ടാക്കിയാൽ മുതിർന്നവരും കുട്ടികളുമെല്ലാം ഹാപ്പിയായി. ഇന്ന് ഈവെനിംഗ് സ്നാക്ക്സ് ആയി ഒരു കബാബ് ഉണ്ടാക്കിയാലോ? കബാബിന് രുചിഭേദങ്ങള്‍ പലതുണ്ട്. ഇന്നൊരു മുട്ട കബാബ് തയ്യറാക്കാം.
ആവശ്യമായ ചേരുവകൾ
- മുട്ട -4
- സവാള-1
- ഉരുളക്കിഴങ്ങ്-2
- മൈദ-കാല്‍ കപ്പ്
- റൊട്ടിപ്പൊടി-അര കപ്പ്
- ഇഞ്ചി-ചെറിയ കഷ്ണം
- പച്ചമുളക്-2
- മല്ലിയില
- കറിവേപ്പില
- ഉപ്പ്
- എണ്ണ
തയ്യറാക്കുന്ന വിധം
മുട്ടയും ഉരുളക്കിഴങ്ങും പുഴുങ്ങിയെടുക്കണം. സവാള ചെറുതായി നുറുക്കണം. പച്ചമുളകും ഇഞ്ചിയും ചെറുതായി നുറുക്കണം. മുട്ട തോടു കളഞ്ഞ് നാലാക്കി നീളത്തില്‍ മുറിയ്ക്കുക. പുഴുങ്ങിയ ഉരുളക്കിഴങ്ങ് നല്ലപോലെ ഉടച്ചെടുക്കണം. ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി സവാള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ ചേര്‍ക്കുക. ഉള്ളി നന്നായി വഴറ്റിക്കഴിഞ്ഞ് ഉടച്ചു വച്ച ഉരുളക്കിഴങ്ങും ഉപ്പും ചേര്‍ത്തിളക്കുക. ഇത് നന്നായി പാകം വന്നു കഴിയുമ്പോള്‍ മല്ലിയില നുറുക്കിയതും ചേര്‍ക്കണം.
ഉരുളക്കിഴങ്ങു കൂട്ടില്‍ നിന്നും കുറേശെ എടുത്ത് ഓരോ കഷ്ണം മുട്ടയും ഇതിനുള്ളില്‍ വച്ചു പൊതിയണം. മുട്ട മുഴുവന്‍ മൂടാന്‍ പാകത്തിന് ഉരുളക്കിഴങ്ങു കൂട്ടു വേണം. മൈദ പാകത്തിനു വെള്ളമൊഴിച്ച് പേസ്റ്റാക്കുക. മുട്ടക്കൂട്ട് ഇതിലും പിന്നീട് റൊട്ടിപ്പൊടിയിലും മുക്കി തിളച്ച എണ്ണയിലിട്ട് വറുത്തെടുക്കണം. ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വറുക്കണം. ചൂടോടെ കഴിയ്ക്കാം.