മുംബൈ: മഹാദേവ് വാതുവെപ്പ് ആപ്പ് കേസുമായി ബന്ധപ്പെട്ട് നടൻ സാഹിൽ ഖാനെ മുംബൈ പോലീസ് അറസ്റ്റുചെയ്തു. ഛത്തീസ്ഗഢിൽവെച്ച് മുംബൈ പോലീസ് സൈബർ സെല്ലിന്റെ പ്രത്യേക അന്വേഷണസംഘമാണ് താരത്തെ അറസ്റ്റ് ചെയ്തത്. ജാമ്യം തേടിയുള്ള സാഹിൽ ഖാന്റെ ഹർജി മുംബൈ ഹൈക്കോടതി തള്ളിയതിനുപിന്നാലെയാണ് സാഹിൽ ഖാനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ സാഹിൽ മുംബൈ വിട്ടിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. തുടർന്ന് ഛത്തീസ്ഗഢ് പോലീസിന്റെ സഹകരണത്തോടെ നടത്തിയ 40 മണിക്കൂർ നീണ്ട ശ്രമങ്ങൾക്കൊടുവിലാണ് സാഹിൽ പിടിയിലായത്. മുംബൈയിലെത്തിക്കുന്ന നടനെ കോടതിയിൽ ഹാജരാക്കും. സ്റ്റൈൽ, എക്സ്ക്യൂസ് മീ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സാഹിൽ ഖാൻ അറിയപ്പെടുന്ന സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർകൂടിയാണ്.
ഛത്തീസ്ഗഡിലെ ചില സാമ്പത്തിക, റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളും വിവാദമായ മഹാദേവ് വാതുവെപ്പ് ആപ്പിൻ്റെ പ്രമോട്ടർമാരും തമ്മിലുള്ള അനധികൃത ഇടപാടുകൾ സംബന്ധിച്ച് എസ്ഐടി അന്വേഷണം നടത്തിവരികയാണ്. മഹാദേവ് ആപ്പിന്റെ ഉപ ആപ്പിന്റെ പ്രചാരണത്തിൽ പങ്കെടുത്തു എന്ന കാരണത്താൽ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാവാൻ ഈയാഴ്ച നടി തമന്നയോട് ആവശ്യപ്പെട്ടിരുന്നു. ഫെയർപ്ലേ ബെറ്റിങ് ആപ്പിലൂടെ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾക്ക് പ്രചാരണം നൽകിയതിന് മഹാരാഷ്ട്ര സൈബർ സെല്ലാണ് തമന്നയോട് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞവർഷമാണ് മഹാദേവ് വാതുവെപ്പ് ആപ്ലിക്കേഷൻ വാർത്തകളിൽ ഇടംപിടിക്കുന്നത്. ഈ ആപ്പിന്റെ പരസ്യത്തിൽ അഭിനയിച്ചതിന് ബോളിവുഡ് താരങ്ങളായ രൺബീർ കപുറും ശ്രദ്ധാ കപുറും ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ഇഡി നിർദേശിച്ചിരുന്നു. ഛത്തീസ്ഗഢ് ഭിലായ് സ്വദേശികളായ സൗരഭ് ചന്ദ്രകർ, രവി ഉപ്പൽ എന്നിവർ ചേർന്ന് ദുബായിൽനിന്ന് പ്രവർത്തിപ്പിക്കുന്ന ആപ്പാണ് മഹാദേവ്.
യുഎഇയിൽനിന്നാണ് മഹാദേവ് ഓൺലൈൻ ബുക്ക് ആപ്പിന്റെ പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് ഇഡി ഇന്വേഷണസംഘം നേരത്തേ കണ്ടെത്തിയിരുന്നു. പോലീസ്, ഉദ്യോഗസ്ഥർ, രാഷ്ട്രീയക്കാർ എന്നിവരുമായി ചന്ദ്രകറിനും ഉപ്പലിനും ബന്ധമുണ്ടെന്നും ആപ്പ് അന്വേഷണ ഏജൻസികളുടെ കണ്ണിൽപ്പെടാതിരിക്കാൻ പതിവായി പണം നൽകിയിരുന്നെന്നും ഇഡി ഉദ്യോഗസ്ഥർ പറഞ്ഞു.