എളുപ്പത്തിലും രുചിയിലും ഒരു ബ്രെഡ് ഉപ്പുമാവ്

പ്രാതലിന് എളുപ്പത്തിൽ തയ്യറാക്കാവുന്ന എന്തെങ്കിലുമാണോ തിരക്കുന്നത്. എന്നാൽ ഒരു ഉപ്പുമാവ് ആയാലോ? ബ്രെഡ് അതേ രൂപത്തില്‍ കഴിച്ചു മടുത്തുവോ. എങ്കില്‍ ബ്രെഡ് ഉപ്പുമാവ് തയ്യാറാക്കി നോക്കിയാലോ? കുട്ടികള്‍ക്ക് ടിഫിനും കൊടുത്തയക്കാം.

ആവശ്യമായ ചേരുവകൾ

  • ബ്രെഡ് കഷ്ണങ്ങള്‍-5
  • സവാള-1
  • തക്കാളി-1
  • പച്ചമുളക്-3
  • ഇഞ്ചി-ചെറിയ കഷ്ണം
  • കടുക്-അര സ്പൂണ്‍
  • ജീരകം-അര സ്പൂണ്‍
  • കായം-കാല്‍ സ്പൂണ്‍
  • കറിവേപ്പില
  • മല്ലിയില
  • എണ്ണ
  • ഉപ്പ്

തയ്യറാക്കുന്ന വിധം

ബ്രെഡ് ചെറിയ കഷ്ണങ്ങളാക്കി മുറിയ്ക്കുക. കൈ കൊണ്ട് ഞെരടിയാലും മതി. ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കുക. ഇതില്‍ കടുകും ജീരകവും പൊട്ടിക്കുക. ഇതിലേക്ക് പച്ചമുളകും ഇഞ്ചിയും കറിവേപ്പിലയും ചേര്‍ക്കുക. സവാളയും ഇടുക. നല്ലപോലെ വഴറ്റണം. എന്നിട്ട് കായപ്പൊടിയും ആവശ്യത്തിന്് ഉപ്പും ചേര്‍ക്കണം. ഇതിനു ശേഷം തക്കാളി ചെറിയ കഷ്ണങ്ങളാക്കി നുറുക്കിയിടണം. ഇത് നല്ലപോലെ ഇളക്കി ഇതിലേക്ക് ബ്രെഡ് ചേര്‍ക്കണം. നല്ലപോലെ ഇളക്കി ഉപ്പുമാവ് പാകമാകുമ്പോള്‍ വാങ്ങി വയ്ക്കാം. മല്ലിയില ചേര്‍ത്ത് ഉപയോഗിക്കാം. മേമ്പൊടി സ്വാദില്‍ അല്‍പം വ്യത്യസ്തത വേണമെന്നുള്ളവര്‍ക്ക് അല്‍പം ഗരം മസാല പൗഡര്‍ ചേര്‍ക്കാം.