മോഷണക്കുറ്റം ആരോപിച്ചതിൽ മനംനൊന്ത് വീട്ടുജോലിക്കാരി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ തമിഴിലെ പ്രശസ്ത നിർമാതാവ് കെ.ഇ. ജ്ഞാനവേൽ രാജയ്ക്കെതിരെ പരാതി. ആത്മഹത്യാശ്രമം നടത്തിയ സ്ത്രീയുടെ മകളാണ് നിർമാതാവിനെതിരെ രംഗത്തെത്തിയത്. ഇല്ലാത്ത മോഷണക്കുറ്റമാണ് തന്റെ അമ്മയുടെമേൽ ചുമത്തിയതെന്ന് അവർ പരാതിയിൽ പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
റിലീസിനൊരുങ്ങുന്ന സൂര്യ നായകനാവുന്ന കങ്കുവ ഉൾപ്പെടെ നിരവധി ബിഗ് ബജറ്റ് ചിത്രങ്ങളുടെ നിർമാതാവാണ് കെ.ഇ.ജ്ഞാനവേൽ രാജ. സ്റ്റുഡിയോ ഗ്രീൻ എന്ന ബാനറിലാണ് ഇദ്ദേഹം ചിത്രങ്ങൾ നിർമിക്കാറ്. ജ്ഞാനവേൽ രാജയുടെ ചെന്നൈ ടി നഗറിലെ വീട്ടിൽ നിന്ന് ഭാര്യ നേഹയുടെ സ്വർണാഭരണങ്ങൾ കാണാതെപോയിരുന്നു. ഇതിനുപിന്നിൽ വീട്ടുജോലിക്കാരിയാണെന്നാരോപിച്ച് രാജ മാമ്പലം പോലീസിൽ പരാതിനൽകി. തുടർന്ന് നടന്ന അന്വേഷണത്തിൽ ജോലിക്കാരി ആരോപണങ്ങൾ നിഷേധിച്ചു.
അന്വേഷണവുമായി സഹകരിക്കണമെന്നും വീണ്ടും ചോദ്യംചെയ്യലിന് വിളിപ്പിച്ചേക്കും എന്നും പറഞ്ഞാണ് പോലീസ് അന്ന് മടങ്ങിയത്. ഇതിൽ മനംനൊന്ത അവർ അരളി വിത്തുകൾ കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഇതുശ്രദ്ധയിൽപ്പെട്ടവരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. നിലവിൽ ചെന്നൈ റോയപ്പേട്ട സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണവർ. അമ്മയുടെ ആത്മഹത്യാശ്രമവുമായി ബന്ധപ്പെട്ട് മകൾ കെ.ഇ.ജ്ഞാനവേൽ രാജയ്ക്കെതിരെ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം തുടരുകയാണ്.
ജ്ഞാനവേൽ നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കങ്കുവ. സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവുംകൂടുതൽ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 300 കോടിയിലാണ് ചിത്രം ഒരുങ്ങുന്നത്.