ചക്കക്കുരു മുരിങ്ങക്കായ കറി ആഹാ…! ചോറുണ്ണാൻ ഈ കറി മാത്രം മതി.!

ചക്കകാലം ആയതുകൊണ്ടുതന്നെ ചക്കയ്ക്കും ചക്കകുരുവിനും ഒന്നും ക്ഷാമമുണ്ടാകില്ല. ചക്കക്കുരുവും മുരിങ്ങക്കായും വെച്ച് ഒരു കറി തയ്യറാക്കിയാലോ? ചക്കക്കുരു മുരിങ്ങക്ക കറി.

ആവശ്യമായ ചേരുവകൾ

  • മുരിങ്ങക്ക – രണ്ടെണ്ണം
  • ചക്കക്കുരു – എട്ടോ പത്തോ
  • തക്കാളി – ഒന്ന്
  • പച്ചമുളക് – ആവശ്യത്തിന്
  • മഞ്ഞൾപൊടി – അരസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • തേങ്ങ – ഒരുമുറി
  • നല്ലജീരകം – ഒരുനുള്ള്
  • വെളുത്തുള്ളി – രണ്ടല്ലി

തയ്യാറാക്കുന്നവിധം

ചക്കക്കുരു പുറംതൊലി മാത്രം നീക്കി കഷ്ണങ്ങളാക്കണം. ചുവന്നതൊലി കളയരുത്. അതിൽ ഔഷധഗുണങ്ങളടങ്ങിയിട്ടുണ്ട്. ചക്കക്കുരുവിന്റെ ദോഷങ്ങൾക്കുള്ള മരുന്നുകൂടിയാണ്. മുരിങ്ങകായയും കഷ്ണങ്ങളാക്കണം. ഇനി ചക്കക്കുരുവും മുരിങ്ങകായയും ഒരുമിച്ച് ഒരു ചട്ടിയിൽ ഇടണം. ഇതിലേക്ക് പച്ചമുളക് കീറിയതും തക്കാളി അരിഞ്ഞതും ഒരുനുള്ള് മഞ്ഞൾപൊടിയും ഉപ്പുമിട്ട് അവശ്യത്തിന് വെള്ളവുമൊഴിച്ച് വേവിക്കണം.

തേങ്ങ ചിരകിയതിൽ രണ്ടല്ലി വെളുത്തുള്ളിയും ഒരുനുള്ള് ജീരകവും കാൽസ്പൂൺ മഞ്ഞൾപൊടിയും ചേർത്ത് ആവശ്യത്തിന് വെള്ളവുമൊഴിച്ച് നന്നായി അരച്ചെടുക്കണം. ഈ അരപ്പ് വെന്ത കറിയിൽ ചേർത്ത് ഇളക്കണം. കറി നന്നായൊന്ന് ചൂടായാൽ തീ ഓഫ് ആക്കണം. തിളക്കരുത്. ഇനിചീനചട്ടിയിൽ വെളിച്ചെണ്ണ
യൊഴിച്ചു ചൂടായാൽ കടുക് പൊട്ടിക്കണം. ഇതിലേക്ക് രണ്ട് ഉണക്കമുളക് മുറിച്ചതും കറിവേപ്പിലയും ചേർത്ത് മൂപ്പിച്ച് കറി യിലൊഴിക്കാം. ചോറിന്റെ കൂടെ കഴിക്കാൻ പറ്റിയ ഒരു കിടിലൻ കറിയാണിത്.ഇതുപോലെ ഹെൽത്തിയായിട്ടുള്ള നല്ല നാടൻ വിഭവങ്ങൾ നമുക്ക് ശീലമാക്കാം.