സ്വവര്‍ഗ ബന്ധം ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിക്കാന്‍ ബില്‍ പാസാക്കി ഇറാഖി പാര്‍ലമെന്‍റ്. ബില്‍ നിയമമാകുന്നതോടെ 15 വര്‍ഷം വരെ തടവുശിക്ഷയാണ് നിയമം ലംഘിക്കുന്നവരെ കാത്തിരിക്കുന്നത്. മനുഷ്യാവകാശത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചു. 1988ലെ വേശ്യാവൃത്തി നിരോധന നിയമം ഭേദഗതി ചെയ്തതോടെയാണ് പുതിയ വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വരിക. അതേസമയം സ്വവര്‍ഗാനുരാഗികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന ആവശ്യം പാര്‍ലമെന്‍റ് അംഗീകരിച്ചില്ല.
ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യുന്ന ഡോക്ടര്‍മാരെയും ഈ നിയമം കുറ്റക്കാരായാണ് കണക്കാക്കുന്നത്. സ്വവര്‍ഗാനുരാഗമോ ലൈംഗികത്തൊഴിലോ പ്രോത്സാഹിപ്പിക്കുന്നവർ, ‘മനഃപൂര്‍വം’ സ്ത്രീകളായി പെരുമാറുന്ന പുരുഷന്മാര്‍, പങ്കാളികളെ കൈമാറുന്ന വൈഫ് സ്വാപ്പിങ് അടക്കമുളളവ ചെയ്യുന്നവരെല്ലാം ഈ പുതിയ പ്രകാരം ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും.
രാജ്യത്തിന്റെ മതവികാരങ്ങളെയും മൂല്യങ്ങളെയും നശിപ്പിക്കുന്ന തരത്തിലുള്ളവയാണ് സ്വവര്‍ഗാനുരാഗമെന്ന് പറഞ്ഞാണ് നിയമം പാസ്സാക്കിയിരിക്കുന്നത്. യാഥാസ്ഥിതിക സമൂഹമായതിനാല്‍ തന്നെ സ്വവര്‍ഗ ലൈംഗികതയ്ക്ക് ഇറാഖില്‍ അപ്രഖ്യാപിത വിലക്കാണുണ്ടായിരുന്നത്. ബില്ലിന് അംഗീകാരം കൂടി ലഭിച്ചാല്‍ ലൈംഗിക ന്യൂനപക്ഷങ്ങള്‍ കടുത്ത വെല്ലുവിളിയാകും നേരിടേണ്ടി വരികയെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു. ലൈംഗിക ന്യൂനപക്ഷങ്ങളില്‍പ്പെട്ടവരെ മറ്റുപല വകുപ്പുകളിലും ഉള്‍പ്പെടുത്തി തടവിലാക്കിയ സംഭവങ്ങള്‍ മുന്‍പും ഇറാഖില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.