തിരുവനന്തപുരം : സംസ്ഥാനത്തെ തിരഞ്ഞെടുപ്പിൽ സംഭവിച്ചത് ഗുരുതരവീഴ്ചയെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. നീതിപൂർവകവും സുതാര്യവുമായ വോട്ടെടുപ്പ് നടന്നില്ല. രണ്ട് വോട്ടുകൾക്കിടയിലെ കാലതാമസം പല ബൂത്തുകളിലും പ്രശ്‌നങ്ങൾ സൃഷ്ടിച്ചു. കനത്ത ചൂടിലും മണിക്കൂറുകളോളം കാത്ത് നിന്നിട്ടും വോട്ട് ചെയ്യാനാകാതെ നിരവധി പേർ നിരാശയോടെ മടങ്ങിയ സാഹചര്യം പലയിടത്തും ഉണ്ടായി.
തിരഞ്ഞെടുപ്പ് നടത്തിപ്പിലുണ്ടായ ഗുരുതര വീഴ്ചകളെക്കുറിച്ച് അന്വേഷിക്കണമെന്നും പരാതിയിൽ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ആറ് മണിക്ക് മുൻപ് ബൂത്തിൽ എത്തിയ നിരവധി പേർക്ക് വോട്ട് ചെയ്യാനാകാത്ത സാഹചര്യവും പല സ്ഥലങ്ങളിലുമുണ്ടായി. സംസ്ഥാനത്ത് ഇത്രയും മോശമായ രീതിയിൽ തിരഞ്ഞെടുപ്പ് നടന്നിട്ടില്ല.
ഇരട്ട വോട്ടുകളും മരണപ്പെട്ടവരുടെ വോട്ടുകളും ഒഴിവാക്കി വോട്ടേഴ്‌സ് ലിസ്റ്റ് പരിഷ്‌ക്കരിക്കുന്നതിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് പരാജയം സംഭവിച്ചു. മന്ദഗതിയിലായിരുന്നു പലയിടത്തും വോട്ടിംഗ് നടന്നത്. വെളളിയാഴ്ച 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 70.35 ശതമാനം സമ്മതിദായകരാണ് വോട്ടവകാശം വിനിയോഗിച്ചത്. വടകര, മലപ്പുറം, കണ്ണൂർ എന്നീ മണ്ഡലങ്ങളിൽ അർദ്ധരാത്രിയിലേക്ക് വരെ വോട്ടെടുപ്പ് നീണ്ടിരുന്നു.