അബുദാബി: യുഎഇയില്‍ രേഖപ്പെടുത്തിയ ഒമാനി പൗരന്മാരുടെ ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള പിഴകള്‍ റദ്ദാക്കാന്‍ തീരുമാനം. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ യുഎഇ സന്ദര്‍ശനത്തിന് പിന്നാലെയാണ് യുഎഇയുടെ ഈ തീരുമാനം. 2018 മുതല്‍ 2023 വരെയുള്ള അഞ്ചു വര്‍ഷ കാലയളവിലെ പിഴകള്‍ റദ്ദാക്കാനാണ് തീരുമാനം. ഈ മാസം 22ന് ഔദ്യോഗിക സന്ദര്‍ശനത്തിന് യുഎഇയിലെത്തിയ ഒമാന്‍ സുല്‍ത്താന്‍ ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായി ഒമാന്‍ സുല്‍ത്താന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധം ശക്തമാക്കാനും സഹകരണം വിപുലമാക്കാനും തീരുമാനമെടുത്തിരുന്നു.
129 ശതകോടി ദിർഹത്തിന്റെ നിക്ഷേപ പങ്കാളിത്തത്തിന് കരാറിലെത്തുകയും ചെയ്തിരുന്നു. ബിസിനസ് ആവശ്യത്തിനും വിനോദസഞ്ചാരത്തിനും മറ്റുമായി നിരവധി ഒമാൻ രജിസ്ട്രേഷൻ വാഹനങ്ങൾ ഓരോ വർഷവും യുഎഇയിൽ വന്നുപോകുന്നുണ്ട്. ഇതില്‍ പലർക്കും ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴ ലഭിക്കാറുമുണ്ട്. ഇത്തരക്കാർക്ക് വലിയ ആശ്വാസമാകുകയാണ് പുതിയ പ്രഖ്യാപനം.