ശോഭാ സുരേന്ദ്രനെ തൃശൂരിലോ ഡൽഹിയിലോ വച്ച് കണ്ടിട്ടില്ലെന്നും വിവാദങ്ങള്‍ ഒഴിവാക്കാനാണ് തിരഞ്ഞെടുപ്പു ദിവസം പ്രതികരിച്ചതെന്നും എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. ബിജെപി ഗൂഢാലോചനയുടെ ഭാഗമായാണ് തനിക്കെതിരെ ആരോപണങ്ങൾ ഉയരുന്നത്. സുധാകരൻ ആരോപണങ്ങൾ തനിക്കുനേരെ തിരിച്ചുവിടുകയാണ്.
മുഖ്യമന്ത്രിയുടെ പേര് ഉൾപ്പെടെ വിവാദത്തിലേക്ക് വലിച്ചിഴച്ചു. മുഖ്യമന്ത്രി നൽകിയ ഉപദേശം താന്‍ ഇരുകൈയും നീട്ടി സ്വീകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാര്യങ്ങൾ അന്വേഷിക്കാതെയാണ് മാധ്യമങ്ങൾ പ്രവർത്തിച്ചത്. ‘കേന്ദ്രമന്ത്രിയുമായി മൂന്നോ നാലോ മിനിറ്റു മാത്രം സംസാരിച്ചതിന് ബിജെപിയിൽ ചേരാന്‍ പോകുന്നുവെന്ന് വാർത്ത നൽകി. മാധ്യമ ധർമമാണോ ഇത്? എന്തു തെളിവുണ്ടായിട്ടാണ് മാധ്യമങ്ങള്‍ വാർത്ത നൽകിയത്? അന്നു വാർത്തയാക്കിയതു കൂടാതെ, ഇപ്പോള്‍ തിരഞ്ഞെടുപ്പിന്റെ തലേദിവസം വാർത്ത വന്നത് ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ്.
ഇടതുപക്ഷ വിരുദ്ധ മാധ്യമങ്ങളും കെ.സുധാകരനും ശോഭാ സുരേന്ദ്രനും അറിഞ്ഞുകൊണ്ട് നടപ്പാക്കിയ ഗൂഢാലോചനയാണ് ഇതിനു പിന്നിൽ. ശോഭാ സുരേന്ദ്രനെ ആദ്യമായി അടുത്തു കാണുന്നത് ഉമ്മന്‍ ചാണ്ടിയുടെ വിയോഗ സമയത്ത് കോട്ടയത്തുവച്ചാണ്. അവരുമായി അടുത്ത ബന്ധം ഒന്നും തന്നെയില്ല.
വിവാദങ്ങൾ ഒഴിവാക്കാനാണ് വോട്ടെടുപ്പ് ദിവസം സംസാരിച്ചത്. പ്രതികരിക്കാതിരുന്നുവെങ്കിൽ ആരോപണം സത്യമാണെന്നു വിചാരിക്കും. അപ്പോൾ പ്രതികരിക്കണ്ടേ?
ഗൾഫിൽ വച്ച് ചർച്ച നടത്തിയെന്ന് സുധാകരൻ പറഞ്ഞു. ഗൾഫിൽ പോയിട്ട് വർഷങ്ങളായി. അത് എതെങ്കിലും മാധ്യമങ്ങൾ അന്വേഷിച്ചോ? ഡൽഹിയിൽ രണ്ടര വർഷത്തിനിടെ പോയത് ഇടതുപക്ഷ എംഎൽഎമാരുടെ സമരത്തിനാണ്. ചെന്നൈയിൽവച്ച് നടന്ന കൂടിക്കാഴ്ച കെ,സുധാകരൻ തന്നെ സമ്മതിച്ചതാണ്. അതു പറഞ്ഞപ്പോള്‍ ആരോപണം എനിക്കെതിരെ തിരിച്ചുവിട്ടു.’’ –ജയരാജൻ പറഞ്ഞെു.
‘‘ഒരുദിവസം കൊണ്ട് മാറുന്നതല്ല എന്റെ രാഷ്ട്രീയം. ഞാൻ ബിജെപിയിലേക്ക് പോകുമെന്നു പറഞ്ഞാൽ ആരും വിശ്വസിക്കില്ല. ബിജെപിയുടെ നേതൃത്വത്തിൽ എനിക്കെതിരെ നടന്ന ഗൂഢാലോചനയാണിത്. വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ടും അനാവശ്യ വിവാദം ഉയർത്തുകയാണ്. അവിടെ എല്ലാ കാര്യങ്ങളും വളരെ സുതാര്യമായാണ് നടത്തുന്നത്. മുഖ്യമന്ത്രിയുടെ ഉപദേശം ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ്. മുഖ്യമന്ത്രി പറഞ്ഞത് എല്ലാവർക്കുമുള്ള ഉപദേശമാണ്. തെറ്റു പറ്റുന്നത് മനുഷ്യ സഹജമാണെന്നും, തിരുത്തി മുന്നോട്ടുപോകുമെന്നും ജയരാജൻ കൂട്ടിച്ചേർത്തു.