നടുറോഡില്‍ കെഎസ്ആര്‍ടിസി ഡ്രൈവറുടെ കൃത്യ നിര്‍വഹണത്തെ തടസ്സപ്പെടുത്തി ഭീഷണി മുഴക്കിയ മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എം.എല്‍.എയും പെട്ടു. ഇന്നലെ രാത്രി നടന്ന സംഭവത്തില്‍ കന്റോണ്‍മെന്റ് പോലീസ് ഡ്രൈവറെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. ഈ വാര്‍ത്ത കാട്ടു തീപോലെ പടര്‍ന്നതിനു പിന്നാലെ സി.പി.എമ്മിന്റെ ഉന്നത നേതാക്കള്‍ വിഷയത്തില്‍ ഇടപെട്ടെന്നാണ് സൂചന. ഏതു വിധേനയും കേസ് ഒതുക്കി തീര്‍ത്ത് തലയൂരാനാണ് നീക്കം നടക്കുന്നത്. ഇതിനായി ഡ്രൈവര്‍ യദുവിനെ സി.പി.എം നേതാക്കള്‍ മാറിമറി ഫോണില്‍ ബന്ധപ്പെടുന്നുണ്ട്.
മേയറും ഭര്‍ത്താവും കാണിച്ചത് വലിയ തെറ്റാണെന്ന് ബസിലെ യാത്രക്കാര്‍ അപ്പോള്‍ത്തന്നെ പറഞ്ഞിരുന്നു. എന്നാല്‍, മേയറും എം.എല്‍.എയും പറയുന്നതല്ലേ പോലീസിനു കേള്‍ക്കാന്‍ കഴിയൂ എന്ന നിലപാടിലാായിരുന്നു പോലീസ്. സംഭവ സ്ഥലത്തെത്തിയ പോലീസ് സംഘത്തിന് കാര്യം വ്യക്തമായെങ്കിലും ഡ്രൈവറോട് കയര്‍ത്തു സംസാരിക്കുന്ന മേയറോടും ഭര്‍ത്താവിനോടും ഒന്നും പറയാനാകാതെ നോക്കി നില്‍ക്കേണ്ടി വന്നു. എന്നാല്‍, ഒരു ക്ഷമ പറഞ്ഞാല്‍ തീരുന്ന പ്രശ്‌നമേ ഉണ്ടായിരുന്നുള്ളൂവെന്ന് പോലീസ് പറഞ്ഞെങ്കിലും ആര് ആരോട് ക്ഷമ പറയുമെന്നതായിരുന്നു പിന്നീടുണ്ടായ പ്രശ്‌നം. ഡ്രൈവറോട് ക്ഷമ പറയാന്‍ പോലീസ് പറഞ്ഞെങ്കിലും, താന്‍ ചെയ്ത തെറ്റെന്താണെന്ന് വ്യക്തമാക്കാനായിരുന്നു യദുവിന്റെ നിലപാട്. മേയറും, എം.എല്‍.എയും ക്ഷമ പോയിട്ട് ‘ക്ഷ’ എന്നുപോലും പറയാന്‍ തയ്യാറുമല്ലായിരുന്നു.
തുടര്‍ന്നാണ് മേയറുടെ നിര്‍ദ്ദേശ പ്രകാരം ഡ്രൈവറെ കസ്റ്റഡിയിലെടുത്തത്. ബസിലുണ്ടായിരുന്ന യാത്രക്കാരെ പെരുവഴിയില്‍ ഇറക്കി വിട്ട ശേഷം ബസ് സീസി ചെയ്യുകയും ചെയ്യുകയായിരുന്നു. ഇടതുപക്ഷത്തിന്റെ, പ്രത്യേകിച്ച് സി.പി.എമ്മിന്റെ രണ്ട് യുവ പ്രതിനിധികളാണ് സച്ചിന്‍ ദേവും ആര്യാ രാജേന്ദ്രനും. സി.പി.എമ്മിന്റെ നിലവിലുള്ള സാഹചര്യം വളരെ മോശമായിരിക്കുകയാണ്. ഇ.പി. ജയരാജന്‍ വിഷയം തൊട്ട്, നിരവധി വിഷങ്ങളില്‍ തിരിച്ചടി നേരിടുന്ന സാഹച്രയവും നിലനില്‍ക്കുന്നുണ്ട്.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ പാര്‍ട്ടി നേതാക്കളുടെ ഭാഗത്തു നിന്നും ഇത്തരം നടപടികള്‍ ഉണ്ടാകുന്നതിനെയും പാര്‍ട്ടി വിമര്‍ശിക്കുന്നുണ്ട്. വിഷയം കൂടുതല്‍ വഷളാകാതിരിക്കാന്‍ ഏതു വിധേനയും ഡ്രൈവര്‍ യുദുവുമായി കോംപ്രമൈസ് ചെയ്യാനുള്ള നീക്കം നടത്തുകയാണ് സി.പി.എം നേതാക്കള്‍. കെഎസ്ആര്‍ടിസി വിവിധ തൊഴിലാളി സംഘടനകളും ഇതിന് എതിരെ രംഗത്ത് ഇറങ്ങിയിരുന്നു ഈ സാഹചര്യത്തിലാണ് ഒത്തുതിര്‍പ്പ് ശ്രമമായി മേയറുടെയും എംഎല്‍എയും എത്തിയത്.
‘റോഡ് നിന്റെ അച്ഛന്റെ വകയാണോ എന്ന് മേയര്‍ക്കൊപ്പം കാറില്‍ ഉണ്ടായിരുന്ന ഭർത്താവ് കൂടിയായ സച്ചിന്‍ദേവ് എംഎല്‍എ ചോദിച്ചു. വീട്ടിലുള്ളവരെ കയറി വിളിച്ചപ്പോള്‍ നിങ്ങളുടെ അച്ഛന്റെ റോഡ് അല്ലല്ലോ എന്ന് തിരിച്ച് മറുപടി പറഞ്ഞു. ജോലി കളയിക്കുമെന്ന് മേയറും സംഘവും ഭീഷണിപ്പെടുത്തുകയും ചെയ്തു’- യദു മാധ്യമങ്ങളോട് പറഞ്ഞു. മേയറുടെ കാര്‍ ബസിനെ മറികടക്കാന്‍ ശ്രമിച്ചത് ഇടതുവശത്തുകൂടിയാണെന്നും ഡ്രൈവര്‍ ആരോപിച്ചു. അതിനിടെ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നത്തിന് തുടക്കമെന്ന് ആര്യാ രാജേന്ദ്രന്‍ പ്രതികരിച്ചു.
‘ ആദ്യം കയര്‍ത്തു സംസാരിച്ചു, കൈയിലൊക്കെ പിടിച്ചുവലിച്ചു. അതൊന്നും വീഡിയിയോയില്‍ ഇല്ല. ഡോര്‍ അവരാണ് തുറന്നിട്ടത്. വെളിയിലേക്ക് ഇറങ്ങാന്‍ അവര്‍ നിര്‍ബന്ധിച്ചു. പൊലീസ് വരുന്നത് വരെ ഞാന്‍ വാഹനത്തില്‍ നിന്ന് ഇറങ്ങിയില്ല. പൊലീസ് എത്തിയിട്ട് എന്നെ ജീപ്പില്‍ കയറ്റി കൊണ്ടുപോയി. ആദ്യം ജനറല്‍ ആശുപത്രിയില്‍ മെഡിക്കല്‍ എടുത്തു. പിന്നീട് സ്റ്റേഷനില്‍ കൊണ്ടുവന്നു. പലയിടത്തും ഒപ്പിടിവിച്ചു. നിനക്ക് എതിരെ കേസെടുക്കുകയാണെന്ന് അവര്‍ പറഞ്ഞു. ഞാന്‍ അവരോട് അപമര്യാദയായി സംസാരിച്ചിട്ടില്ലല്ലോ എന്ന് ഞാന്‍ പറഞ്ഞു. ഒന്നെങ്കില്‍ നീ മുഖ്യമന്ത്രിയായിരിക്കണം. അല്ലെങ്കില്‍ നീ പ്രധാനമന്ത്രിയായിരിക്കണം. നീ അവരേക്കാള്‍ ഒരുപടി മുന്നിലായിരിക്കണം. ഈഗോ ക്ലാഷ് ആണ് എന്ന് അവര്‍ പറഞ്ഞു. നിന്റെ ജോലി ഇല്ലാതാക്കുമെന്നാണ് മേയര്‍ പറഞ്ഞത്. ഈഗോ ക്ലാഷ് ആയിരിക്കും. മേയര്‍ ആയിട്ട് ഞാന്‍ ബഹുമാനം കൊടുത്തില്ല എന്നതായിരിക്കും പ്രശ്‌നം. മേയര്‍ ആണ് എന്ന് അന്ന് എനിക്കറിയില്ലായിരുന്നു. എന്റെ അച്ഛനെ വിളിച്ചപ്പോള്‍ നിങ്ങളുടെ അച്ഛന്റെ റോഡ് അല്ലല്ലോ എന്ന് തിരിച്ച് ചോദിച്ചു. അത്രമാത്രം. ഞാനും അപ്പോള്‍ തന്നെ പരാതി നല്‍കി.നടപടി ഉണ്ടായില്ല’- യദു പറഞ്ഞു.
‘മേയര്‍ ആണെന്ന് അറിഞ്ഞപ്പോള്‍ വിളിച്ച് സോറി പറഞ്ഞു. എന്നാല്‍ അതിന്റെ ആവശ്യം ഒന്നുമില്ലെന്നും നിയമപരമായി ഞാന്‍ മുന്നോട്ടുപോകുമെന്നുമാണ് മേയര്‍ പറഞ്ഞത്. കോടതിയില്‍ പോയി തീരുമാനങ്ങള്‍ പറഞ്ഞാല്‍ മതിയെന്നും അവിടെ പോയി തെളിയിക്കാനുമാണ് എന്നോട് പറഞ്ഞത്. ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ചിലര്‍ വന്ന് പേപ്പറുകളില്‍ ഒപ്പിട്ട് വാങ്ങി പോയി. മേയര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ രസീത് തന്നില്ല. ഇന്ന് വൈകുന്നേരം വരാനാണ് പറഞ്ഞത്. എനിക്ക് സ്റ്റേഷനില്‍ പോയി രസീത് വാങ്ങാന്‍ പേടിയാണ്. അതുകൊണ്ട് പോകുന്നില്ല. വൈകുന്നേരം അവിടെ പോയാല്‍ എന്നെ വീണ്ടും അവിടെ പിടിച്ച് ഇരുത്തിയാലോ എന്ന് പേടിയുണ്ട്. ജോലിക്ക് ഭീഷണിയുണ്ട്’- യദു ആരോപിച്ചു.
ഇന്നലെ രാത്രിയിലായിരുന്നു കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് തിരുവനന്തപുരത്ത് നടുറോഡിൽ മേയർ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിൻ ദേവും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ വാക് പോരുണ്ടായത്. പട്ടത്തു നിന്നും പാളയം വരെ മേയറുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് , ബസ്സിനു മുന്നില്‍ കാര്‍ വട്ടം നിര്‍ത്തിയിട്ട ശേഷമായിരുന്നു തര്‍ക്കം. ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. സ്വകാര്യ വാഹനത്തിലായിരുന്നു മേയറും സംഘവും യാത്ര ചെയ്തിരുന്നത്.