മസ്കറ്റ്: ഒമാനിലെ നിസ്വയില് വ്യാഴാഴ്ചയുണ്ടായ വാഹനാപകടത്തില്‍ മരിച്ച മലയാളി നഴ്സുമാരുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിച്ചു. നഴ്സുമാരുടെ മൃതദേഹങ്ങള്‍ ഞായറാഴ്ച രാവിലെ തിരുവനന്തപുരം, നെടുമ്പാശ്ശേരി വിമാനത്താവളങ്ങള്‍ വഴിയാണ് നാട്ടില്‍ എത്തിച്ചത്. തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി മജീത രതീഷ്, കൊല്ലം കൊട്ടിയം സ്വദേശി ഷര്‍ജ ഇല്യാസ് എന്നിവരാണ് വാഹനാപകടത്തില്‍ മരിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഞായറാഴ്ച പുലർച്ചെ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി ഒമാൻ എയറിന്റെ വിമാനത്തിൽ കൊണ്ടുപോകുന്ന മജീതയുടെ മൃതദേഹം നെടുമ്പാശ്ശേരിയിലും ഷർജയുടേത് തിരുവനന്തപുരം എയർപോർട്ടുകളിലുമാണ് എത്തിക്കുക. ഈജിപ്ത് സ്വദേശി അമാനി അബ്ദുല്‍ ലത്തീഫും അപകടത്തില്‍ മരണപ്പെട്ടിരുന്നു. പരിക്കേറ്റ രണ്ട് മലയാളി നഴ്സുമാർ ചികിത്സയില്‍ തുടരുകയാണ്.